അക്രമങ്ങളിൽ മുങ്ങി പാകിസ്ഥാൻ തിരഞ്ഞെടുപ്പ്; ഒമ്പതുമരണം

ഭീകരാക്രമണങ്ങളിൽ മുങ്ങി പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പ്. വ്യത്യസ്ത ആക്രമണങ്ങളിൽ ഒമ്പതുപേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. രാവിലെ എട്ടിനുതുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് അഞ്ചുവരെ നീണ്ടു. പിന്നാലെ വോട്ടെണ്ണലും ആരംഭിച്ചു.

സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യമെങ്ങും താത്‌കാലികമായി മൊബൈൽഫോൺ സേവനങ്ങൾ മരവിപ്പിച്ചു. ചിലയിടങ്ങളിൽ അതിർത്തികൾ അടച്ചും യാത്ര നിരോധിച്ചും സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ നീക്കം സംഘർഷങ്ങൾക്ക് വഴിവെച്ചു. മൊബൈൽസേവനം മരവിപ്പിച്ചതിനെ പ്രതിപക്ഷപാർട്ടികൾ രൂക്ഷമായി വിമർശിച്ചു. വൈഫൈ സൗകര്യമുള്ളവർ പാസ്‌വേഡ് ഒഴിവാക്കി എല്ലാവർക്കും ഇന്റർനെറ്റ് കണക്‌ഷൻ നൽകണമെന്ന് ഇമ്രാൻഖാൻ നയിക്കുന്ന പി.ടി.ഐ. (പാകിസ്താൻ തെഹ്‌രികെ ഇൻസാഫ്) പാർട്ടി സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനംചെയ്തു.

വടക്കുപടിഞ്ഞാറൻ ദേരാ ഇസ്മായിൽ ഖാൻ ജില്ലയിലെ കുളച്ചി മേഖലയിൽ പട്രോളിങ് നടത്തിയ പോലീസ് സേനയെ ലക്ഷ്യമിട്ട് ബോംബാക്രമണവും വെടിവെപ്പുമുണ്ടായി. നാലുപോലീസുകാർ കൊല്ലപ്പെട്ടു. ടാങ്കിൽ സുരക്ഷാസേനയുടെ വാഹനത്തിനുനേരേ തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കുറച്ചുദിവസമായി പല മേഖലകളിലും സംഘർഷം നിലനിൽക്കുന്നുണ്ട്. ബലൂചിസ്താൻ പ്രവിശ്യയിൽ ബുധനാഴ്ചയുണ്ടായ ഇരട്ടസ്ഫോടനത്തിൽ 29 പേർ മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കനത്തസുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 6.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ രാജ്യമെമ്പാടും വിന്യസിച്ചിരുന്നു.

രാജ്യത്ത് 12.85 കോടി വോട്ടർമാരുണ്ട്. വോട്ടിന്റെ ചിത്രം വെള്ളിയാഴ്ചയോടെ തെളിയുമെങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം രണ്ടാഴ്ചയ്ക്കുശേഷമായിരിക്കും.

സൈന്യത്തിന്റെ പിന്തുണയുണ്ടെന്നുകരുതുന്ന പി.എം.എൽ.-എൻ. (പാകിസ്താൻ മുസ്‌ലിംലീഗ്-നവാസ്) ജയിക്കുമെന്നാണ് വിലയിരുത്തൽ. ജയിച്ചാൽ പാർട്ടിനേതാവ് നവാസ് ഷരീഫ് (74) നാലാംതവണയും പ്രധാനമന്ത്രിയാകും.

നവാസിന്റെ ശത്രുവും മുൻപ്രധാനമന്ത്രിയുമായ ഇമ്രാൻഖാൻ ജയിലിലാണ്. അദ്ദേഹത്തിന്റെ പാർട്ടിയായ പി.ടി.ഐ.ക്ക് പതിവുചിഹ്നമായ ‘ബാറ്റ്’ നിഷേധിച്ചതിനാൽ സ്ഥാനാർഥികൾ സ്വതന്ത്രരായാണ് മത്സരിക്കുന്നത്. ബിലാവൽ ഭൂട്ടോ സർദാരി നയിക്കുന്ന പി.പി.പി.യും(പാകിസ്താൻ പീപ്പിൾസ് പാർട്ടി) ശക്തമായി മത്സരരംഗത്തുണ്ട്. നാഷണൽ അസംബ്ലിയിലെ 265 സീറ്റിലേക്കാണ് മത്സരം. 133 സീറ്റുനേടി കേവലഭൂരിപക്ഷമുറപ്പാക്കുന്ന കക്ഷിക്ക് അധികാരമുറപ്പിക്കാം. നാലു പ്രവിശ്യാനിയമസഭകളിലെ 593 സീറ്റിലേക്കും വോട്ടെടുപ്പ്‌ നടക്കുന്നുണ്ട്.

Top