രാഷ്ട്രപതിയുടെ വിമാനം പറക്കാന്‍ അനുമതി നിഷേധിച്ച പാക് നിലപാട് അര്‍ഥശൂന്യമെന്ന് ഇന്ത്യ

ramnath

ന്യൂഡല്‍ഹി : രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ വിദേശയാത്രയ്ക്ക് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ച പാക് നിലപാട് അര്‍ഥശൂന്യമായ തീരുമാനമെന്ന് ഇന്ത്യ. ഏകപക്ഷീയമായ തീരുമാനങ്ങള്‍ വ്യര്‍ഥമാണെന്ന് പാക്കിസ്ഥാന്‍ മനസിലാക്കണം, രാഷ്ട്രനേതാക്കളുടെ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതാണ് പതിവെന്നും ഇന്ത്യ വ്യക്തമാക്കി.

അതേസമയം ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്നു പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.

ഐസ്ലാന്‍ഡില്‍ പോകുന്നതിനായി ഇന്ത്യന്‍ രാഷ്ട്രപതി പാക്ക് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി ചോദിച്ചു, എന്നാല്‍ അദ്ദേഹത്തിന് അനുമതി നല്‍കേണ്ടതില്ലെന്നാണ് തീരുമാനമെന്നും പാക്ക് വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് അനുമതി നിഷേധിച്ചതെന്നും ഖുറേഷി അറിയിച്ചു.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് രാംനാഥ് കോവിന്ദ് ഐസ്ലന്‍ഡിലേക്ക് പോകുന്നത്. സ്വിറ്റ്സര്‍ലന്‍ഡ്, സ്ലൊവേനിയ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. രാഷ്ട്ര നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയില്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദമടക്കം ചര്‍ച്ചയാകും.

പാക് വ്യോമപാത അടയ്ക്കാനും അഫ്ഗാനിസ്ഥാനിലേയ്ക്ക് പാക്കിസ്ഥാന്‍ വഴിയുള്ള ഇന്ത്യയുടെ ചരക്ക് നീക്കം പൂര്‍ണമായും തടയാനും പാക്കിസ്ഥാന്‍ ആലോചിച്ചിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷ സാഹചര്യത്തിന്റെ തീവ്രത കൂട്ടുന്നതാണ് പാക്കിസ്ഥാന്റെ പുതിയ തീരുമാനം.

Top