അലി കൂട്ടുകെട്ടില്‍ പിറന്നത് വമ്പന്‍ സ്‌കോര്‍; 510 റണ്‍സിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് പാകിസ്താന്‍

ഹരാരെ: സിംബാബ്വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പാകിസ്താന്‍ മികച്ച സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തു. എട്ടു വിക്കറ്റിന് 510 എന്ന നിലയിലാണ് പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഹരാരെ സ്‌റ്റേഡിയത്തില്‍ ആബിദ് അലിയും അസ്ഹര്‍ അലിയും ചേര്‍ന്ന് സിംബാബ്വെക്കെതിരെ റണ്‍സ് വാരി കൂട്ടുന്നതാണ് കണ്ടത്. ആബിദ് അലി 407 പന്തില്‍ 29 ഫോറിന്റെ അകമ്പടിയോടെ 215 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ അസ്ഹര്‍ അലി 240 പന്തില്‍ 126 റണ്‍സാണ് നേടിയത്. 17 ഫോറും ഒരു സിക്‌സും അസ്ഹര്‍ നേടി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 236 റണ്‍സ് പടുത്തുയര്‍ത്തിയത്.

എന്നാല്‍ പിന്നീട് പാക് ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും തിളങ്ങാനായില്ല. നുഅ്മാന്‍ അലി 104 പന്തില്‍ 97 റണ്‍സ് അടിച്ചുകൂട്ടി പാകിസ്താന്റെ സ്‌കോറിങ് വേഗത കൂട്ടി. ഒമ്പത് ഫോറും അഞ്ചു സിക്‌സുമാണ് നുഅ്മാന്റെ ബാറ്റില്‍ നിന്ന് പിറന്നത്. നുഅ്മാന്‍ പുറത്തായതിന് പിന്നാലെ പാകിസ്താന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.ആദ്യ ടെസ്റ്റില്‍ പാകിസ്താന്‍ വിജയിച്ചിരുന്നു. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ പാകിസ്താന്‍ 1-0 ത്തിന് മുന്നിലാണ്.

 

Top