ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാക്കിസ്ഥാന്‍; 88 ഭീകരസംഘങ്ങളുടെ സ്വത്ത് കണ്ടുകെട്ടും

ഇസ്ലാമാബാദ്: നിരോധിക്കപ്പെട്ട 88 ഭീകരസംഘങ്ങളുടെ സ്വത്ത് കണ്ടുകെട്ടാന്‍ പാക്കിസ്ഥാന്റെ തീരുമാനം. ഹാഫിസ് സയീദ്, മസൂദ് അസര്‍, ദാവൂദ് ഇബ്രാഹിം എന്നിവരുടെ ഉള്‍പ്പെടെ ഭീകരരുടെ സ്വത്ത് കണ്ടുകെട്ടും. ബാങ്ക് ഇടപാടുകള്‍ മരവിപ്പിക്കും. അതേസമയം ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചു.

ദാവൂദിന് അഭയം നല്‍കിയിട്ടില്ലെന്നായിരുന്നു നിരവധി കാലമായി പാക്കിസ്ഥാന്റെ വാദം. പാരിസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എഫ്എടിഎഫ് (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്) പാക്കിസ്ഥാനെ 2018ല്‍ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഭീകരപ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് 2019 വരെയാണ് സമയം നല്‍കിയത്. കോവിഡ് വ്യാപനത്തോടെ സമയം നീട്ടി നല്‍കുകയായിരുന്നു.

എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതോടെ രാജ്യാന്തര സാമ്പത്തിക സഹകരണം കുറയും. എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ നിന്നും പുറത്തുകടക്കുന്നതിനുള്ള പാക്കിസ്ഥാന്റേ അവസാന ശ്രമമാണ് ഇപ്പോഴത്തേത്. ഐഎംഎഫ്, ലോകബാങ്ക്, എഡിബി, യൂറോപ്യന്‍ യൂണിയന്‍ എന്നിവടങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാതെ വന്നതോടെയാണ് ശക്തമായ നടപടിക്ക് പാക്കിസ്ഥാന്‍ മുതിര്‍ന്നത്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരസംഘടനകളായ ലഷ്‌കറെ തയിബ, ജമാ അത്തുദ്ദ അവ എന്നിവയുടെ സ്ഥാപകനുമായ ഹാഫിസ് സയീദ്, ജെയ്‌ഷെ മുഹമ്മദ് നേതാവ് അസര്‍, അധോലോകനേതാവ് ദാവൂദ് ഇബ്രാഹിം എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഓഗസ്റ്റില്‍ തീരുമാനമെടുത്തിരുന്നു.

Top