താലിബാന്‍ ഭരണത്തെ പിന്തുണച്ച് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി

Shahid-Afridi

കറാച്ചി: താലിബാന്‍ ഭരണത്തെ പ്രശംസിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഇക്കുറി വളരെ നല്ല ഉദേശത്തോടെയാണ് താലിബാന്‍ അധികാരം പിടിച്ചിരിക്കുന്നതെന്നും അവര്‍ സ്ത്രീകള്‍ക്കും ക്രിക്കറ്റിനും അനുകൂലമാണ് എന്നുമാണ് അഫ്രീദിയുടെ വാക്കുകള്‍. പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക നൈല ഇനായത്താണ് അഫ്രീദിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘താലിബാന്‍ ഇത്തവണ അധികാരത്തില്‍ വന്നിരിക്കുന്നത് വളരെ നല്ല ഉദേശത്തോടെയാണ്. രാഷ്ട്രീയത്തിലടക്കം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ സ്ത്രീകളെ അനുവദിക്കുന്നു. താലിബാന്‍ ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നു. അവര്‍ ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നതായാണ് ഞാന്‍ മനസിലാക്കുന്നത്’ എന്നാണ് മാധ്യമങ്ങളോട് ഷാഹിദ് അഫ്രീദി പറഞ്ഞത്. എന്നാല്‍ അഫ്ഗാന്‍ ജനത കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന സമയത്തുള്ള അഫ്രീദിയുടെ ഈ പ്രതികരണം വലിയ വിമര്‍ശനത്തിന് വഴിതുറന്നുകഴിഞ്ഞു.

ക്രിക്കറ്റിനെ പിന്തുണയ്ക്കുമെന്നും അഫ്ഗാന്‍ താരങ്ങളുടെ പരാതികള്‍ കേള്‍ക്കുമെന്നും താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റിന് ഒരുതരത്തിലുമുള്ള വിലക്കുണ്ടാകില്ലെന്ന് താലിബാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

മുതിര്‍ന്ന അഫ്ഗാന്‍ നേതാവ് അനസ് ഹഖ്വാനി അഫ്ഗാന്‍ താരങ്ങളും ഒഫീഷ്യല്‍സുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ തലവന്‍ അസീസുള്ള ഫസ്ലിയെ ബോര്‍ഡിന്റെ ആക്ടിംഗ് ചെയര്‍മാനായി താലിബാന്‍ നിയമിച്ചിട്ടുണ്ട്.

 

Top