ക്യാപ്റ്റന്‍ ബാബര്‍ അസമിനെ തല്ലിയും തലോടിയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്

ക്യാപ്റ്റന്‍ ബാബര്‍ അസമിനെ തല്ലിയും തലോടിയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരായ പരാജയത്തിനു പിന്നാലെ ഇറക്കിയ വാര്‍ത്താകുറിപ്പിലാണ് ബാബര്‍ അസമിനെ പിന്തുണച്ചും പരോക്ഷമായി വിമര്‍ശിച്ചും പിസിബിയുടെ പരാമര്‍ശം. ലോകകപ്പില്‍ മൂന്ന് തുടര്‍ തോല്‍വികളുമായി ഇന്ന് പാകിസ്താന്‍ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുകയാണ്.

തുടര്‍തോല്‍വികളില്‍ വലഞ്ഞ പാകിസ്താന്‍ ടീമിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടുകൂടി ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളി. തുടര്‍ച്ചയായി മൂന്നു തോല്‍വികളാണ് പാകിസ്താന്‍ വഴങ്ങിയിരിക്കുന്നത്. അവസാനം നടന്ന മത്സരത്തില്‍ എതിരാളിയായിരുന്ന അഫ്?ഗാനിസ്ഥാന്‍ അനായാസ വിജയമായിരുന്നു പാകിസ്താനെതിരെ നേടിയത്.

ബാബര്‍ അസമിനും ടീം മാനേജ്‌മെന്റിനുമെതിരായ മാധ്യമവിചാരണയില്‍, ജയവും തോല്‍വിയും കളിയുടെ ഭാഗമാണെന്നതാണ് ബോര്‍ഡിന്റെ നിലപാട് എന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ലോകകപ്പിനുള്ള സംഘത്തെ തെരഞ്ഞെടുക്കുന്നതില്‍ ബാബറിനും മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖിനും പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ആരാധകര്‍ ടീമിനുള്ള പിന്തുണ തുടരണം. ലോകകപ്പിലെ പ്രകടനങ്ങള്‍ വിലയിരുത്തി ടീമിന് ഉചിതമാകുന്ന തീരുമാനങ്ങളെടുക്കുമെന്നും പിസിബി അറിയിച്ചു. ഇത് ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സി തെറിച്ചേക്കുമെന്ന സൂചനയാണെന്നാണ് വിലയിരുത്തല്‍.

 

Top