ചികിത്സയ്ക്കായി ജാമ്യം ; നവാസ് ഷരീഫ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി

ലാഹോര്‍: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നായിരുന്നു ഷരീഫിന്റെ ആവശ്യം. ആശുപത്രിയില്‍ ചികിത്സാര്‍ഥം പ്രവേശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ജാമ്യം നിരസിക്കപ്പെട്ടതിനെത്തുടര്‍ന്നു തന്നെ വീണ്ടും ജയിലിലേക്കു മാറ്റാന്‍ ഷരീഫ് ആവശ്യപ്പെട്ടു. ഷരീഫിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് മാറ്റുകയാണെന്ന് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

കോട് ലാഖ്പത് ജയിലില്‍ നിന്ന് ഏതാനും ആഴ്ചമുമ്പാണ് ഷരീഫിനെ ലാഹോറിലെ ജിന്നാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അല്‍അസീസാ സ്റ്റീല്‍ മില്‍ അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കകയാണ് നവാസ് ഷരീഫ്.

പാനമ പേപ്പറുകളിലൂടെ പുറത്തുവന്ന സ്വത്തുവിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് അഴിമതിക്കേസുകളാണ് ഷരീഫിനെതിരേ അക്കൗണ്ടബിലിറ്റി ബ്യൂറോ ചുമത്തിയത്. ഇതില്‍ അവന്‍ഫീല്‍ഡ് കേസില്‍ ഷരീഫിന് പതിനൊന്നു വര്‍ഷത്തെ ശിക്ഷയും മകള്‍ മറിയത്തിന് എട്ടു വര്‍ഷത്തെ ശിക്ഷയും മറിയത്തിന്റെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷത്തെ ശിക്ഷയും വിധിച്ചിരുന്നു.

Top