Pakistan can’t be trusted to fight terrorism, says Rajnath Singh

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ബോധ്യമായതായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. തീവ്രവാദത്തെ നേരിടുന്നതില്‍ ഇന്ത്യ പ്രതീക്ഷിക്കുന്ന പിന്തുണ പാകിസ്ഥാനില്‍ നിന്ന് കിട്ടുന്നില്ല.

പത്താന്‍കോട്ട് ആക്രമണത്തില്‍ എന്‍.ഐ.എ സംഘത്തിന്റെ അന്വേഷണം പാകിസ്ഥാനില്‍ അനുവദിക്കാത്ത നടപടി വഞ്ചനയാണ്. പാകിസ്ഥാനെക്കുറിച്ചുള്ള എന്റെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടുകഴിഞ്ഞു. എന്‍.ഡി.എ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

തീവ്രവാദ വിഷയത്തില്‍ പാകിസ്ഥാനില്‍ നിന്ന് പ്രതീക്ഷിക്കുന്ന പിന്തുണ കിട്ടുന്നില്ല. ഇത് പറയാന്‍ ഒരു മടിയുമില്ല. പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ എന്‍.ഐ.എ സംഘത്തിന് അനുവാദം കിട്ടുന്നത് കാത്തിരിക്കുകയാണ്.

പത്താന്‍കോട്ട് ആക്രമണവുമായി ബന്ധമുള്ളവരെ ശിക്ഷിച്ചേ മതിയാകൂ. അന്വേഷണത്തിന്റെ ഭാഗമായി പാക് സംഘം ഇവിടെയെത്തി അന്വേഷണം നടത്തി. സമാനമായ രീതിയില്‍ എന്‍.ഐ.എ ടീമിനും അന്വേഷണത്തിനായി പാകിസ്ഥാനിലെത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ പ്രതികരണം കാക്കുകയാണ്. പാക് പ്രതികരണം എന്താണെന്ന് നമുക്ക് നോക്കാം രാജ്‌നാഥ് പറഞ്ഞു.

ഇസ്രത്ത് ജഹാന്‍ കേസില്‍ യു.പി.എ സര്‍ക്കാരിനെ അപേക്ഷിച്ച് ഇപ്പോഴത്തെ മലക്കംമറിച്ചിലിനെക്കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണത്തിന്റെ ഭാവി കോടതിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Top