ഹിസ്ബുളിനെ ഭീകരസംഘടനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് നീതീകരിക്കാന്‍ കഴിയില്ല

ഇസ്ലാമാബാദ്: ഹിസ്ബുള്‍ മുജാഹുദീനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിക്കെതിരെ പാക്കിസ്ഥാന്‍.

അമേരിക്കന്‍ നീക്കം നിരാശപ്പെടുത്തിയെന്നും ഹിസ്ബുളിനെ ഭീകരസംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് നീതികരിക്കാന്‍ കഴിയില്ലെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സക്കരിയ പ്രതികരിച്ചു.

ഈ നടപടി കശ്മീരികളുടെ 70 വര്‍ഷം പഴക്കമുള്ള സ്വാതന്ത്ര്യ പോരാട്ടത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ചയാണ് ഹിസ്ബുള്‍ മുജാഹിദീനെ ഭീകരസംഘടനയായി അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപനം നടത്തിയത്.

പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയിദ് സലാഹുദീനെ രണ്ടു മാസം മുമ്പ് ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. സംഘടനയ്ക്ക് അമേരിക്കയില്‍ ഉള്ള എല്ലാ ആസ്തികളും മരവിപ്പിക്കുന്നതായി അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. സംഘടനയുമായി പണമിടപാടുകള്‍ നടത്തുന്നതിന് അമേരിക്ക പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കാഷ്മീരില്‍ നടന്ന നിരവധി സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹിദീന്‍ ഏറ്റെടുത്തിട്ടുണ്ട്. ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡറായിരുന്ന ബുര്‍ഹന്‍ വാനിയെ കഴിഞ്ഞ വര്‍ഷം സുരക്ഷാ സേന വധിച്ചതിനെ തുടര്‍ന്നാണ് ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ വഷളായത്. ഇതിനുശേഷം സുരക്ഷാ സേനയ്ക്കു നേര്‍ക്ക് തുടര്‍ച്ചയായി ആക്രമണങ്ങളുണ്ടായി. ജനക്കൂട്ടം തെരുവില്‍ സൈന്യത്തെ നേരിടുന്ന നിലയിലേക്കു കാര്യങ്ങളെത്തി.

സംഘടനയുടെ പുതിയ തലവനായി മുഹമ്മദ് ബിന്‍ ഖാസിം ചുമതലയേറ്റതിനു പിന്നാലെയാണ് യുഎസിന്റെ വിലക്ക്. കഴിഞ്ഞയാഴ്ച ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ബുര്‍ഹന്‍ വാനിയുടെ പിന്‍ഗാമിയായ യാസീന്‍ ഇറ്റൂ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഖാസിം ചുമതലയേറ്റത്.

Top