ക​റാ​ച്ചി ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ ഇ​ന്ത്യയെന്ന് പാ​ക്കി​സ്ഥാ​ന്‍

ന്യൂഡല്‍ഹി : പാക്കിസ്ഥാനിലെ ചൈനീസ് സ്ഥാനപതികാര്യാലയത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയാണെന്ന് വെളിപ്പെടുത്തല്‍.

ചൈനീസ് എംബസിക്കു നേരെ കഴിഞ്ഞ നവംബറില്‍ കറാച്ചിയിലുണ്ടായ ആക്രമണം റോയുടെ പിന്തുണയോടെ നടന്നതാണെന്നാണ് പാക്കിസ്ഥാന്റെ ആരോപണം.

കറാച്ചി പോലീസ് മേധാവി അമീര്‍ അഹമ്മദ് ഷെയ്ക്കാണ് ആരോപണം ഉന്നയിച്ചത്. റോയുടെ പിന്തുണയോടെ നടന്ന ഭീകരാക്രമണത്തിനു പദ്ധതി തയാറാക്കിയത് അഫ്ഗാനിസ്ഥാനിലായിരുന്നെന്നും അമീര്‍ അഹമ്മദ് പറഞ്ഞു. ചൈനയ്ക്കും പാക്കിസ്ഥാനും ഇടയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനും ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി അട്ടിമറിക്കാനുമായിരുന്നു ആക്രമണം നടത്തിയതെന്നും അമീര്‍ അഹമ്മദ് വ്യക്തമാക്കി.

എന്നാല്‍ ആരോപണം കെട്ടിച്ചമച്ചതും ഇന്ത്യയെ കുറ്റപ്പെടുത്താനുള്ള നിന്ദ്യമായ ശ്രമത്തിന്റെ ഭാഗവുമാണിതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പാക്കിസ്ഥാന്‍ ആത്മപരിശോധന നടത്തുകയും ഭീകരരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ വിശ്വാസയോഗ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യാതെ മറ്റുള്ളവരുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുകയാണെന്നും ഇന്ത്യ ആരോപിച്ചു.

Top