പുല്‍വാമയ്ക്ക് ശേഷം ഡല്‍ഹിയില്‍ അക്രമണത്തിന് ജെയ്‌ഷെ ഒരുങ്ങി; എന്‍ഐഎ

ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ അക്രമങ്ങള്‍ക്ക് പാക് ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദ് തയ്യാറെടുത്തിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. രാജ്യതലസ്ഥാനത്ത് ഇനിയായി ലക്ഷ്യസ്ഥാനങ്ങളും ഇവര്‍ കണ്ടുവെച്ചിരുന്നതായി എന്‍ഐഎ വ്യക്തമാക്കി. ഡല്‍ഹി എന്‍ഐഎ കോടതിയില്‍ ജെയ്‌ഷെ അംഗങ്ങളെന്ന് സംശയിക്കുന്ന സജ്ജദ് അഹമദ് ഖാന്‍, തന്‍വീര്‍ അഹമദ് ഗനി, ബിലാല്‍ അഹ്മദ് മിര്‍, മുസാഫര്‍ അഹ്മദ് ഭട്ട് എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എന്‍ഐഎ ഈ വാദങ്ങള്‍ ഉന്നയിച്ചത്.

ഓള്‍ഡ് ഡല്‍ഹിയിലെ സുപ്രധാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരീക്ഷിക്കവെയാണ് ഖാന്‍ അറസ്റ്റിലാകുന്നത്. സൗത്ത് ബ്ലോക്, സെന്‍ഡ്രല്‍ സെക്രട്ടറിയേറ്റ് തുടങ്ങിയ സുപ്രധാന ഇടങ്ങളാണ് ഇയാള്‍ ലക്ഷ്യസ്ഥാനങ്ങളായി കണ്ടെത്തിയിരുന്നത്. എന്നാല്‍ ഖാന്‍ അറസ്റ്റിലായതോടെ മറ്റ് മൂന്ന് പേരിലേക്ക് കൂടി വഴിതെളിഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മുദാസിര്‍ അഹമ്മദുമായി ഇവര്‍ നാല് പേരും പതിവായി ബന്ധം പുലര്‍ത്തിയിരുന്നതായി കുറ്റപത്രം വ്യക്തമാക്കി.

ജമ്മു കശ്മീരിലെ ത്രാലില്‍ മാര്‍ച്ച് പത്തിന് അഹമ്മദ് കൊല്ലപ്പെട്ടിരുന്നു. 40 സിആര്‍പിഎഫ് ട്രൂപ്പര്‍മാരാണ് പുല്‍വാമ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ജെയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്വം ഏറ്റ അക്രമത്തിന് ഇന്ത്യ തിരിച്ചടിച്ചത് പാകിസ്ഥാനില്‍ കടന്നുകയറി ജെയ്‌ഷെ ക്യാംപുകള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയാണ്.

ജെയ്‌ഷെ കമാന്‍ഡറായിരുന്ന അഹമ്മദ് യുഎസില്‍ നിന്നുള്ള വിര്‍ച്വല്‍ മൊബൈല്‍ നമ്പറുകള്‍ വഴിയാണ് ഇന്ത്യയില്‍ അക്രമണങ്ങള്‍ നടത്താന്‍ മറ്റുള്ള അംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നതെന്നും എന്‍ഐഎ പറയുന്നു.ഇന്ത്യയില്‍ സിം കാര്‍ഡ് എടുക്കാന്‍ ഫോട്ടോ നിര്‍ബന്ധമാക്കിയതോടെ ഭീകരര്‍ ഇത്തരം വിര്‍ച്വല്‍ നമ്പറുകള്‍ എടുത്താണ് അംഗങ്ങള്‍ തമ്മില്‍ ബന്ധം പുലര്‍ത്തുന്നത്. ഇതുവഴി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും എടുത്ത് കാര്യങ്ങള്‍ മുന്നോട്ട് നീക്കുമെന്നാണ് എന്‍ഐഎ കണ്ടെത്തിയത്.

Top