അധ്യാപകര്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നത് വിലക്കി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: അധ്യാപികമാര്‍ ഇനി മുതല്‍ ജീന്‍സും ടീഷര്‍ട്ടും ടൈറ്റ്‌സും ധരിക്കരുതെന്ന് പാക്കിസ്ഥാന്‍ ഫെഡറല്‍ ഡിറക്ടറേറ്റ് ഓഫ് എഡുകേഷന്‍ (എഫ്ഡിഇ). അധ്യാപകന്‍മാരും ജീന്‍സും ടീഷര്‍ട്ടും ധരിക്കരുതെന്നും പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഉത്തരവ് അതത് സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അയച്ചുകഴിഞ്ഞു. അധ്യാപകര്‍ വ്യക്തി ശുചിത്വവും ബാഹ്യമായ വൃത്തിയും കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു.

മുടി വെട്ടുന്നത്, താടി ട്രിം ചെയ്യുന്നത്, നഖം വെട്ടുന്നത്, കുളിക്കുന്നത്, സുഗന്ധതൈലങ്ങള്‍ ഉപയോഗിക്കുന്നത് എന്നിവയാണ് വൃത്തിയുടെ മാനദണ്ഡമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഫീസ് സമയങ്ങളില്‍, ഔദ്യോഗിക യോഗങ്ങളില്‍, ക്യാംപസുകളില്‍ ഉണ്ടാകുമ്പോഴെല്ലാം ഈ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്.

എല്ലാ അധ്യാപകരും ക്ലാസ്‌റൂമില്‍ ടീച്ചിംഗ് ഗൌണും ലാബോറട്ടറിയില്‍ ലാബ് കോട്ടും ധരിക്കണം. അധ്യാപികമാര്‍ ജീന്‍സിന് പുറമെ ടൈറ്റ്‌സും ധരിക്കാന്‍ പാടില്ല. മാന്യമായ, സല്‍വാര്‍ കമ്മീസ്, ട്രൌസര്‍, ഷര്‍ട്ട്, ഒപ്പം ഷാളും ധരിക്കണമെന്നാണ് ആവശ്യം.

ഹിജാബ് അല്ലെങ്കില്‍ സ്‌കാര്‍ഫ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. മഞ്ഞുകാലത്ത് അധ്യാപികമാര്‍ക്ക് കോട്ട്, ബ്ലേസേഴ്‌സ്, സ്വെറ്റര്‍, ഷാള്‍ എന്നിവ ധരിക്കാം. അതും മാന്യമായ നിറത്തിലും ഡിസൈനിലുമുള്ളത് ആകണം. അധ്യാപികമാര്‍ക്ക് സ്ലിപ്പേഴ്‌സ് ധരിക്കാന്‍ അനുവാദമില്ല.

 

 

Top