യുദ്ധം ഉണ്ടായാല്‍ ഇന്ത്യക്ക് സംഭ്രമിപ്പിക്കുന്ന മറുപടി നല്‍കുമെന്ന് പാക്കിസ്ഥാന്‍

റാവല്‍പിണ്ടി: യുദ്ധം ഉണ്ടായാല്‍ ഇന്ത്യക്ക് സംഭ്രമിപ്പിക്കുന്ന മറുപടി നല്‍കുമെന്ന് പാക് സൈന്യം.

തങ്ങള്‍ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഒന്ന് ഉറപ്പ് നല്‍കുകയാണ്. എന്തെങ്കിലും പ്രകോപനം ഉണ്ടായാല്‍ നിങ്ങള്‍ക്ക് ഞങ്ങളെ അതിശയിപ്പിക്കാന്‍ കഴിയില്ല. തീര്‍ച്ചയായും നിങ്ങളെ പാക്കിസ്ഥാന്‍ അതിശയിപ്പിക്കുമെന്നും മുഖ്യ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു.

അന്വേഷങ്ങളൊന്നും നടത്താതെ പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ കുറ്റപ്പെടുത്തുകയാണ്, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കരുതെന്നും പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി.

തങ്ങള്‍ക്ക് 72 വര്‍ഷത്തെ ചരിത്രമുണ്ട്. 1947 ല്‍ വിഭജനം സംഭവിക്കുകയും പാക്കിസ്ഥാന്‍ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യക്ക് ഈ വിഭജനം ഇപ്പോഴും അംഗീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധത്തിനു ഇതുവരെ പാക്കിസ്ഥാന്‍ തയാറായിട്ടില്ല. എന്നാല്‍ ഇന്ത്യ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. യുദ്ധത്തിനു പാക്കിസ്ഥാന്‍ മുന്‍കൈ എടുക്കില്ല. അടിച്ചാല്‍ തിരിച്ചടിക്കാനുള്ള എല്ലാ അവകാശവും പാക്കിസ്ഥാനുണ്ടെന്നും ആസിഫ് ഗഫൂര്‍ വ്യക്തമാക്കി.

അതേസമയം ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക് സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നു.

ജെയ്ഷെ മുഹമ്മദ് നിയന്ത്രണത്തിലുള്ള രണ്ട് മദ്രസകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അവയുടെ നടത്തിപ്പിന് അഡ്മിനിസ്ട്രേറ്ററെ വച്ചതായാണ് റിപ്പോര്‍ട്ട്. പാക് പഞ്ചാബിലെ ബഹാവല്‍പൂരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനമാണ് പാക് സര്‍ക്കാര്‍ പിടിച്ചെടുത്തത്.

ഇതിനിടെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന് ഭയന്ന് സൈനിക ചികിത്സയ്ക്കായി പാക്കിസ്ഥാന്‍ ആശുപത്രികള്‍ സജ്ജീകരിച്ചിരുന്നു. ഏതുനിമിഷവും ഇന്ത്യയുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായേക്കുമെന്ന് ഭയന്നാണ് പാക്കിസ്ഥാന്‍ അധികൃതരുടെ ഈ നടപടി.

ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൈനിക ഉന്നതതല യോഗത്തില്‍ ഇന്ത്യയുടെ ആക്രമണത്തിനോട് കരുതിയിരിക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയുമായി യുദ്ധമോ സംഘര്‍ഷമോ ഉണ്ടായാല്‍ അത് നേരിടാന്‍ സജ്ജരായിരിക്കാന്‍ പാക് സെന്യത്തിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

പരിക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനായി ബലൂചിസ്ഥാനിലെ ക്വറ്റയിലുള്ള ജിലാനി ആശുപത്രിക്ക് സൈനിക നേതൃത്വത്തില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയുമായി യുദ്ധമുണ്ടാകുന്ന സാഹചര്യം എത്തിയാല്‍ പരിക്കേല്‍ക്കുന്ന സൈനികരെ ബലൂച് പ്രവിശ്യയിലെ സൈനികാശുപത്രിയിലേക്കാകും എത്തിക്കുക എന്നാണ് കരുതുന്നത്. വൈദ്യസഹായം നല്‍കാന്‍ സ്വകാര്യ ആശുപത്രികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Top