360 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി പാക്കിസ്ഥാന്‍

india-pak

ഇസ്ലാമാബാദ്: 360 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ ആണ് ഇക്കാര്യം അറിയിച്ചത്. 537 ഇന്ത്യക്കാരാണ് പാക്കിസ്ഥാനില്‍ തടവിലുള്ളതെന്നും ഫൈസല്‍ പറഞ്ഞു. റേഡിയോ പാക്കിസ്ഥാനാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

മാനുഷിക പരിഗണന നല്‍കിയാണ് തടവുകാരെ മോചിപ്പിക്കുന്നതെന്നാണ് പാക്കിസ്ഥാന്റെ വാദം. എന്നാല്‍ വിട്ടയയ്ക്കപ്പെടുന്നവരില്‍ ഭൂരിപക്ഷവും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയവരാണെന്നാണ് സൂചന.

മൂന്ന് ഘട്ടങ്ങളായാണ് 360 തടവുകാരെ മോചിപ്പിക്കുന്നത്. വാഗ അതിര്‍ത്തിലൂടെയാണ് ഇവരെ ഇന്ത്യയ്ക്കു കൈമാറുന്നത്. ആദ്യഘട്ടമായി 100 തടവുകാരെ തിങ്കളാഴ്ച മോചിപ്പിക്കും. 100 പേരെ വീതം ഏപ്രില്‍ 15നും 22നും മോചിപ്പിക്കും. 60 പേരെ ഏപ്രില്‍ 29നും മോചിപ്പിക്കും. തടവുശിക്ഷ പൂര്‍ത്തിയായവരെ മോചിപ്പിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Top