ബിഎസ്എഫ് പോസ്റ്റിന് നേരെ പാക്കിസ്താൻ പ്രകോപനം; കരാർ ലംഘിച്ച റേഞ്ചേഴ്സ് വെടിയുതിർത്തു

പ്രകോപനമില്ലാതെ ബിഎസ്എഫ് അതിർത്തി പോസ്റ്റിന് നേരെ പാകിസ്താൻ റേഞ്ചേഴ്സ് വെടിയുതിർത്തു. വെടിനിർത്തൽ കരാർ ലംഘിച്ച് ബുധനാഴ്ചയാണ് അതിർത്തി സുരക്ഷാ സേനയുടെ അന്താരാഷ്ട്ര അതിർത്തിയിലെ പോസ്റ്റിന് നേരെ പാകിസ്താൻ റേഞ്ചേഴ്സ് പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ച 5.50ന് ആരംഭിച്ച വെടിവെയ്പ്പ് 20 മിനിറ്റിലധികം നീണ്ടുനിന്നു. മക്‌വാളിലെ അതിർത്തി ഔട്ട്‌പോസ്റ്റിനെ നിയന്ത്രിക്കുന്ന ബിഎസ്എഫ് സൈനികർ അതിർത്തിക്കപ്പുറത്ത് നിന്നുള്ള ആക്രമണത്തിന് ഉചിതമായി തിരിച്ചടി നൽകിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യൻ ഭാഗത്ത് ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അന്താരാഷ്ട്ര അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് അതീവ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഫെബ്രുവരി 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനായി ജമ്മു കശ്മീർ ഭരണകൂടം തയ്യാറെടുക്കുന്ന സമയത്താണ് വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായിരിക്കുന്നത്. സന്ദർശനത്തോട് അനുബന്ധിച്ച് നരേന്ദ്ര മോദി ജമ്മുവിൽ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്യുന്നുണ്ട്.

2021 ഫെബ്രുവരി 25 ന് പുതുക്കിയ വെടിനിർത്തൽ കരാർ അംഗീകരിച്ചതിനു ശേഷം കഴിഞ്ഞ വർഷം നവംബർ മാസത്തിൽ പാകിസ്താൻ റെഞ്ചേഴ്സ് നടത്തിയ വെടിവെയ്പ്പിൽ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടിരുന്നു. നേരത്തെ ഒക്ടോബർ 26ന് ജമ്മുവിലെ അർണിയ സെക്ടറിലെ അതിർത്തി കടന്നുള്ള വെടിവയ്പ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്കും ഒരു സ്ത്രീക്കും പരിക്കേറ്റിരുന്നു. ഒക്ടോബർ 17നും സമാനമായ സംഭവത്തിൽ മറ്റൊരു ബിഎസ്എഫ് ജവാനും പരിക്കേറ്റിരുന്നു.

Top