ഹിമാലയന്‍ പിങ്ക് സാള്‍ട്ടിനെ ഭൗമസൂചിക പട്ടികയിലുള്‍പ്പെടുത്താന്‍ ഒരുങ്ങി പാകിസ്ഥാന്‍

ഭൗമസൂചിക പട്ടികയില്‍ ഹിമാലയന്‍ പിങ്ക് സാള്‍ട്ടിനെ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി പാകിസ്ഥാന്‍. പാക് സാമ്പത്തിക ഉപദേഷ്ടാവ് റസാക്ക് ദാവൂദ്, ഇന്‍റലക്ച്വല്‍ പ്രോപ്പെര്‍ട്ടി ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ മുജീബ് അഹമ്മദ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. അന്താരാഷ്ട്ര നിലവാരത്തില്‍ ഹിമാലയന്‍ പിങ്ക് സാള്‍ട്ടിന്‍റെ വ്യാപാരത്തിന് ഈ രജിസ്ട്രേഷന്‍ സഹായകരമാകുമെന്നാണ് പാക് വിലയിരുത്തല്‍. ആരോഗ്യത്തിന് സഹായകരമാകുന്ന ധാരാളം മിനറലുകള്‍ അടങ്ങിയിട്ടുള്ളതാണ് ഹിമാലയന്‍ പിങ്ക് സാള്‍ട്ട്(ഹിമാലയന്‍ പിങ്ക് ഉപ്പ്).

ഝലം നദിയുടെ വടക്ക് മേഖലയിലുള്ള പോഠോഹാര്‍ പീഡഭൂമിയില്‍ നിന്നും പഞ്ചാബിലെ സാള്‍ട്ട് റേഞ്ചില്‍ നിന്നുമാണ് ഹിമാലയന്‍ പിങ്ക് സാള്‍ട്ട് ഉല്‍പാദിപ്പിക്കുന്നത്. ഭൗമസൂചിക പട്ടികയില്‍ ഇടം നേടാന്‍ സാധിക്കുന്നത് ഉത്പന്നത്തിന്‍റെ വിപണത്തിന് അന്താരാഷ്ട്ര തലത്തില്‍ വന്‍ കുതിപ്പാവും നല്‍കുക.

ജനുവരി മാസത്തിൽ പാകിസ്ഥാന്‍ ബസുമതി അരിയ്ക്കുള്ള ഭൗമസൂചിക പദവി നേടിയെടുത്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ബസുമതി അരിയുടെ രജിസ്ട്രേഷനായി യൂറോപ്യന്‍ യൂണിയനില്‍ കേസ് നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ഒരു ഉൽപ്പന്നത്തിന് അത് ഉത്പാദിപ്പിക്കുന്ന പ്രദേശത്തിന്‍റെ സവിശേഷതകളാലോ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയാണ് ഭൗമസൂചിക.

Top