സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ലണ്ടനില്‍ തടഞ്ഞുവച്ച പാക് വിമാനത്തില്‍ ഹെറോയിന്‍

ലണ്ടന്‍ : ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് തടഞ്ഞുവച്ച പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സില്‍ (പിഐഎ) നിന്നും ഹെറോയിന്‍ കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍.

തിങ്കളാഴ്ച ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയ പിഐഎ വിമാനത്തില്‍ ലണ്ടനിലെ ബോര്‍ഡര്‍ ഫോഴ്‌സ് തിരച്ചില്‍ നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഹെറോയിന്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

നാഷനല്‍ ക്രൈം ഏജന്‍സി അധികൃതര്‍ കേസ് അന്വേഷിക്കുകയാണ്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

വിമാനത്തിലെ പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജീവനക്കാരെ രണ്ടുമണിക്കൂറിലേറെ നേരം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പികെ-785 വിമാനത്തിലെ പൈലറ്റ് അടക്കമുള്ള ജീവനക്കാരെയാണ് ബ്രിട്ടീഷ് പൊലീസായ യുകെ ബോര്‍ഡര്‍ ഏജന്‍സി (യുകെബിഎ) ചോദ്യം ചെയ്തത്.

ഇസ്‌ലാമാബാദില്‍നിന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് 2.50ന് ലണ്ടനില്‍ എത്തിയ വിമാനത്തിലെ ജീവനക്കാരാണ് ഇവര്‍. യാത്രക്കാരെയെല്ലാം പുറത്തിറക്കിയ ശേഷമാണ് ജീവനക്കാരെ താല്‍ക്കാലികമായി തടഞ്ഞുവച്ചതും ചോദ്യം ചെയ്തതും. വിമാനത്തില്‍ വിശദപരിശോധന നടന്നതായും പിഐഎ വക്താവ് മഷ്ഹൂദ് താജ്വാറിനെ ഉദ്ധരിച്ച് പാക്ക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച രാവിലെ 11.30ന് ലാഹോറില്‍ തിരിച്ചെത്തേണ്ട വിമാനമായിരുന്നു ഇത്. ജീവനക്കാരെ തടഞ്ഞുവച്ച് ചോദ്യം ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ ഒന്നും അറിയിച്ചിട്ടില്ലെന്നും താജ്വാര്‍ പറഞ്ഞു.

എന്നാല്‍, പിന്നീട് പാക്ക് സര്‍ക്കാര്‍ മലക്കംമറിഞ്ഞു. വിമാനജീവനക്കാരെ ഹീത്രൂ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിട്ടില്ലെന്നും ലണ്ടനിലെ ഹോട്ടലില്‍ വിശ്രമത്തിനു പോയ ജീവനക്കാര്‍ക്കു പകരം ജീവനക്കാരുമായി വിമാനം രാവിലെ തിരിച്ചെത്തിയെന്നും പിഐഎ അറിയിച്ചു.

തിരച്ചലില്‍ ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാക് സര്‍ക്കാരിന്റെ ഈ മലക്കം മറിച്ചില്‍ എന്നാണ് റിപ്പോര്‍ട്ട്.

Top