പാകിസ്ഥാന്‍ – അഫ്ഗാന്‍ ഏകദിന പരമ്പര മാറ്റിവെച്ചേക്കും!

കാബൂള്‍: പാകിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ ഏകദിന പരമ്പര മാറ്റിവെയ്ക്കാന്‍ സാധ്യത. നേരത്തെ ശ്രീലങ്കയിലാണ് പരമ്പര നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ശ്രീലങ്കയില്‍ കൊവിഡ് വ്യാപനം കാരണം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനാലാണ് പരമ്പര മാറ്റിവെയ്ക്കാന്‍ ഇരു ടീമുകളും തീരുമാനിച്ചത്. സെപ്റ്റംബര്‍ മൂന്ന് മുതലാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര നിശ്ചയിച്ചിരുന്നത്.

‘കാബൂളില്‍ വിമാന സര്‍വ്വീസുകള്‍ പ്രവര്‍ത്തുക്കുന്നില്ല. ശ്രീലങ്കയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചു. അതിനാല്‍ പരമ്പര 2022ലേക്ക് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അഭ്യര്‍ഥിച്ചിരുന്നു. പരമ്പര നടത്താന്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ അവരുടെ അവസ്ഥ മനസിലാക്കി മത്സരം 2022 ലേക്ക് പുനക്രിമീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്, പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ആദ്യം പരമ്പര യു.എ.ഇയില്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഐ.പി.എല്‍ രണ്ടാം ഘട്ട മത്സരങ്ങളുടെ ഒരുക്കങ്ങള്‍ കാരണം മത്സരം ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ശ്രീലങ്കയില്‍ കൊവിഡ് രൂക്ഷമായതിനാല്‍ ദേശവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചടക്കിയതിനെത്തുടര്‍ന്ന് കാബൂളില്‍ നിന്നുള്ള വാണിജ്യ വിമാന സര്‍വ്വീസുകള്‍ പ്രവര്‍ത്തുക്കുന്നില്ല.

 

Top