പാക് പ്രതിനിധി സംഘത്തിന് സന്ദർശന അനുമതി നിഷേധിച്ച് അഫ്ഗാൻ

കാബൂൾ: ഭീകരതയെ ഊട്ടിവളർത്തുന്ന പാകിസ്താന്റെ തന്ത്രങ്ങൾക്ക് ശക്തമായ തിരിച്ചടിയുമായി അഫ്ഗാനിസ്താൻ. പാകിസ്താൻ പാർലമെന്റ് പ്രതിനിധി സംഘത്തിന്റെ വിമാനം രാജ്യത്ത് ഇറങ്ങാൻ സമ്മതിക്കാതെ അഫ്ഗാൻ തിരിച്ചയച്ചു. സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ് കാബൂൾ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുവാദം നിഷേധിച്ചത്. ഇന്നലെയാണ് പാകിസ്താന്റ പ്രതിനിധി സംഘം അഫ്ഗാനിലേയ്ക്ക് പുറപ്പെട്ടത്. കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിൽ നിന്ന്  വിലക്കി വിദേശകാര്യവകുപ്പ് അടിയന്തിര സന്ദേശം അയയ്ക്കുകയായിരുന്നു.

ഇസ്ലാമാബാദിൽ നിന്ന് പുറപ്പെട്ട വിമാനം അഫ്ഗാൻ അടുക്കാറായപ്പോഴാണ് അനുമതി നിഷേധിച്ച വിവരം കൈമാറിയത്. വിമാനത്താവളത്തിന് സമീപത്തെ ഒരു കെട്ടിടത്തിൽ ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനാലാണ് പാക് സംഘത്തോട് മടങ്ങാൻ നിർദ്ദേശിക്കേണ്ടി വന്നതെന്നാണ് അഫ്ഗാൻ വ്യോമയാന വകുപ്പറിയിച്ചത്.

പാകിസ്താന്റെ ദേശീയ അസംബ്ലി സ്പീക്കർ ആസാദ് ഖ്വയ്സറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. വിദേശരാജ്യങ്ങളുടെ ഗൂഢതന്ത്രങ്ങളുടെ ഇരയാണ് അഫ്ഗാനെന്ന് പാക് പ്രതിനിധി സംഘം പുറപ്പെടും മുമ്പ് പ്രസ്താവന നടത്തിയിരുന്നു. ഇതിനിടെ അഫ്ഗാനെ തങ്ങളുടെ ചൊൽപ്പടിയിലാക്കാൻ താലിബാനെ വളർത്തുന്ന പാകിസ്താനെതിരെ അഫ്ഗാൻ രൂക്ഷ വിമർശനം മാസങ്ങൾക്ക് മുന്നേ നടത്തിയിരുന്നു.

Top