ഇമ്രാന്‍ ഖാന് തിരിച്ചടി; പാക് സൈനിക മേധാവിക്ക് 6 മാസം ആയുസ്സ്

പാകിസ്ഥാന്‍ സൈനിക മേധാവി ജാവേദ് ബജ്വയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് കാലാവധി നീട്ടിനല്‍കിയ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് തിരിച്ചടി. കാലാവധി വെട്ടിച്ചുരുക്കിയ പാക് പരമോന്നത കോടതി സേവനം ആറ് മാസത്തേക്ക് കൂടി നീട്ടിനല്‍കി. കൂടാതെ സൈനിക മേധാവിയുടെ കാലാവധി നീട്ടുന്നതിന് പാര്‍ലമെന്റ് അംഗീകാരം നേടാനും ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളാനുള്ള അവകാശം പാര്‍ലമെന്റിന് നല്‍കുന്നതായി ചീഫ് ജസ്റ്റിസ് ആസിഫ് സയീദ് ഖോസ ഉത്തരവില്‍ വ്യക്തമാക്കി. പരമോന്നത സൈനിക തസ്തികയില്‍ ജനറല്‍ ബജ്വയുടെ കാലാവധി മൂന്ന് വര്‍ഷത്തേക്ക് നീട്ടിയ സര്‍ക്കാര്‍ ഉത്തരവ് കോടതി ഈ ആഴ്ച ആദ്യം തടഞ്ഞിരുന്നു. നടപടിക്രമങ്ങളില്‍ നിരവധി വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഈ വിധി.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്ക് എതിരായി ആഗോള തലത്തില്‍ പ്രചരണങ്ങള്‍ നടത്തുന്ന ഇമ്രാന്‍ ഖാന് ഈ വിധി വലിയ തിരിച്ചടിയാണ്. ഈ പ്രചരണങ്ങളുടെ ഭാഗമായാണ് ജനറല്‍ ബജ്വയുടെ കാലാവധി നീട്ടിയതും. പ്രാദേശിക സുരക്ഷാ കാലാവസ്ഥ പരിഗണിച്ചാണ് കാലാവധി നീട്ടുന്നതെന്നാണ് ഖാന്‍ അവകാശപ്പെട്ടത്.

ഇന്ത്യ ബാലകോട്ട് വ്യോമാക്രമണത്തിലും വലിയ എന്തൊക്കെയോ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുക്കം കൂട്ടുന്നുവെന്നാണ് ഇമ്രാന്‍ ഖാന്‍ പേരെടുത്ത് പറയാതെ അവകാശവാദം ഉന്നയിക്കുന്നത്. പാകിസ്ഥാന്‍ വ്യക്തിഗത താല്‍പര്യങ്ങള്‍ക്കായി കശ്മീര്‍ വിഷയം ഉപയോഗിക്കപ്പെടുകയാണെന്ന് ഇന്ത്യ വിശ്വസിക്കുന്നു.

Top