പാകിസ്ഥാന്‍ പാര്‍ലമെന്റ് പിരിച്ചു വിട്ട നടപടി ഇന്ന് സുപ്രീംകോടതിയില്‍; ഇമ്രാന്‍ ഖാന് നിര്‍ണായകം

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ കാനെതിരായ അവിശ്വാസം പരിഗണിക്കാതെ പാര്‍ലമെന്റ് പിരിച്ചുവിട്ടതിനെതിരായ ഹര്‍ജികള്‍ പാക് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ കാരണമായ എല്ലാ നടപടികളും പരിശോധനയ്ക്ക് വിധേയമാകുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ ഭരണകൂടം നിര്‍ണായക തീരുമാനങ്ങളെടുക്കുന്നത് സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. പാര്‍ലമെന്റ് പിരിച്ചു വിട്ട നടപടി സുപ്രീംകോടതി സ്വമേധയാ പരിഗണിക്കുകയായിരുന്നു. അവിശ്വാസം പരിഗണിക്കാതെ അസംബ്ലി പിരിച്ചുവിട്ട ഡെപ്യൂട്ടി സ്പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷവും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

കേസില്‍ പ്രസിഡന്റ്, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, സ്പീക്കര്‍ തുടങ്ങി അഞ്ച് കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് നല്‍കി. അതേസമയം പാര്‍ലമെന്റ് നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധമല്ലെന്ന് ഇമ്രാന്‍ ഖാന്‍ ക്യാമ്പ് അഭിപ്രായപ്പെട്ടു. പാര്‍ലമെന്റ് നടപടികള്‍ കോടതിയില്‍ ചോദ്യം ചെയ്യാനാവില്ലെന്ന് വാര്‍ത്താ വിതരണ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നില്‍ അമേരിക്കയെന്ന് ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ചു.

Top