ഇന്ത്യയ്ക്കായി വിദ്യാര്‍ത്ഥികള്‍ ചുവടുവെച്ചു; സ്‌കൂളിന്റെ രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്ത് പാക്കിസ്ഥാന്‍

കറാച്ചി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയോട് വെറുപ്പ് പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍. ഇന്ത്യന്‍ ദേശവികാരം ഉണര്‍ത്തുന്ന ‘ഫിര്‍ ഫി ദില്‍ഹേ ഹിന്ദുസ്ഥാനി’ എന്ന ബോളിവുഡ് ഗാനത്തിന് വിദ്യാര്‍ഥികള്‍ നൃത്തം ചവിട്ടിയകാരണത്താല്‍ കറാച്ചി സ്‌കൂളിന്റെ രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തു.

തിവര്‍ണ പതാകയെ പശ്ചാത്തലമാക്കി ആയിരുന്നു കുട്ടികളുടെ നൃത്തം. കറാച്ചിയിലെ മമാ ബേബി കെയര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഷാരൂഖ് ചിത്രത്തിലെ ഗാനത്തിനൊപ്പം ചുവടുവെച്ചത്. കുട്ടികളുടെ ഡാന്‍സിനിടെ സ്റ്റേജിലെ സ്‌ക്രീനില്‍ ഇന്ത്യന്‍ പതാകയും പ്രദര്‍ശിപ്പിച്ചു. നൃത്തത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പാക് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

സിന്ധ് പ്രവിശ്യയിലെ ഡയറക്ട്രേറ്റ് ഓഫ് ഇന്‍സ്പെക്ഷന്‍ ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് പ്രൈവറ്റ് ഇന്‍സ്റ്റിസ്റ്റ്യൂഷന്‍ അധികൃതരാണ് സ്‌കൂളിനെതിരെ നടപടി എടുത്തത്. മുമ്പാകെ ഹാജരാകണമെന്ന് സ്‌കൂള്‍ അധികൃതരോട് അധികൃതര്‍ കത്തില്‍ ആവശ്യപ്പെട്ടു.എന്നാല്‍ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

Top