മതന്യൂനപക്ഷങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു: പാക്കിസ്ഥാനെതിരെ യു.എന്‍

ന്യൂഡല്‍ഹി: മതന്യൂനപക്ഷങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ തീവ്രവാദ മനോഭാവമുള്ളവര്‍ക്ക് പാക് സര്‍ക്കാര്‍ അവസരം ഉണ്ടാക്കിക്കൊടുത്തു എന്ന് യു.എന്‍ ഘടകം.പാകിസ്താന്‍ – റിലീജിയസ് ഫ്രീഡം അണ്ടര്‍ അറ്റാക്ക് എന്ന തലക്കെട്ടില്‍ യുണൈറ്റഡ് നേഷന്‍സ് കമ്മീഷന്‍ ഓണ്‍ ദി സ്റ്റാറ്റസ് ഓഫ് വുമണ്‍ പ്രസിദ്ധീകരിച്ച 47 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

മതനിന്ദ നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാന്‍ മാത്രമല്ല, രാഷ്ട്രീയ നേട്ടങ്ങള്‍ക്കും പാക്ക് സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നും പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍, ഹിന്ദു സമുദായങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളും പെണ്‍കുട്ടികളും ദുര്‍ബ്ബലരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

രാജ്യത്തെ ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരായി ചിത്രീകരിക്കുന്നതായി വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ഉദ്ധരിച്ചാണ് കമ്മീഷന്റെ റിപ്പോര്‍ട്ട്.

‘പാക്കിസ്ഥാനില്‍ ഓരോ വര്‍ഷവും നൂറുകണക്കിന് ആളുകളെ കാണാതാകുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാകുകയോ, മുസ്ലീം പുരുഷനെ വിവാഹം ചെയ്യേണ്ടിവരികയോ ചെയ്യുന്നു. പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമെതിരെ തട്ടിക്കൊണ്ടുപോകുന്നവരില്‍ നിന്നുള്ള ഗുരുതരമായ ഭീഷണികള്‍ കാരണം ഇരകള്‍ക്ക് അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരാന്‍ സാധിക്കാറില്ല. നടപടിയെടുക്കുന്നതില്‍ പോലീസിന്റെ വീഴ്ച, മതന്യൂനപക്ഷ ഇരകളോട് പോലീസും ജുഡീഷ്യറിയും കാണിക്കുന്ന വിവേചനം ജുഡീഷ്യല്‍ സംവിധാനത്തിന്റെ; ബലഹീനത, എന്നിവ ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിക്രമങ്ങള്‍ തടയുന്നതിനും മതപരമായ ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കുന്നതിനും കൂടുതല്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ സി.എസ്.ഡബ്ല്യു പാകിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Top