അതിര്‍ത്തിയില്‍ പാക്ക്‌ ഷെല്ലാക്രമണം തുടരുന്നു; എട്ടുമാസം പ്രായമായ പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പല്ലന്‍വാല, അര്‍ണിയ സെക്ടറുകളിലാണ് ആക്രമണമുണ്ടായത്. പാക്ക്‌ സൈന്യത്തിന്റെ വെടിവയ്പില്‍ എട്ടു മാസം പ്രായമായ പിഞ്ചുകുഞ്ഞ് കൊല്ലപ്പെടുകയും ചെയ്തു.

അര്‍ണിയ മേഖലയില്‍ ഇന്നലെ പാക്കിസ്ഥാന്‍ രൂക്ഷമായ ഷെല്ലാക്രമണം നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. ഈ സ്ഥലങ്ങളിലെ സ്‌കൂളുകളും അടച്ചിട്ടു. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു തിങ്കളാഴ്ച അര്‍ണിയയില്‍ വീണ്ടും പാക്കിസ്ഥാന്‍ ഷെല്ലാക്രമണം ആരംഭിച്ചത്.

കഴിഞ്ഞ 18നാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ ജമ്മുകശ്മീരിലെ അര്‍ണിയ, ആര്‍എസ് പുര എന്നിവിടങ്ങളില്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാനും പ്രദേശവാസികളും ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണം കനത്തതോടെ വെടിനിര്‍ത്തല്‍ പുനസ്ഥാപിക്കണമെന്ന അപേക്ഷയുമായി പാക്കിസ്ഥാന്‍ രംഗത്തെത്തുകയായിരുന്നു. റോക്കറ്റുകള്‍ തൊടുത്ത് പാക്ക്‌ ബങ്കറുകള്‍ തകര്‍ത്താണ് ഇന്ത്യ തിരിച്ചടിച്ചത്.

നേരത്തെ റംസാന്‍ പ്രമാണിച്ച് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അഭ്യര്‍ത്ഥന പ്രകാരം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. സൈനികരെ ആക്രമിച്ചാല്‍ തിരിച്ചടിക്കാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

Top