തീവ്രവാദത്തിനെതിരെ പാക് നടപടി ;121 പേര്‍ കസ്റ്റഡിയില്‍,180 മദ്രസകളുടെ നിയന്ത്രണം ഏറ്റെടുത്തു

pakistan-

ഇസ്ലാമാബാദ്: തീവ്രവാദത്തിനെതിരായ നടപടിയുടെ ഭാഗമായി 121 പേരെ സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തതായി പാകിസ്ഥാന്‍. 180 ഓളം മദ്രസകളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. പാക് ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

മദ്രസയെ കൂടാതെ ആശുപത്രികള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ നിയന്ത്രണവും ഏറ്റെടുത്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും സമ്മര്‍ദത്തിന് വഴങ്ങിയല്ല തീവ്രവാദികള്‍ക്കെതിരെ നടപടിയെടുത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ജയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസ്ഹറിന്റെ മകനും സഹോദരനുമുള്‍പ്പടെ 44 പേരെ കസ്റ്റഡിയിലെടുത്തതായി പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു. മസൂദിന്റെ മകന്‍ ഹമദ്, സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫ് എന്നിവര്‍ അടക്കം 44 പെരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.

നിരോധിക്കപ്പെട്ട സംഘടനകള്‍ക്കെതിരായ നടപടികള്‍ക്കു വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് കരുതല്‍ നടപടിയും അറസ്റ്റും എന്ന് പാക്ക് ആഭ്യന്തര മന്ത്രി അറിയിച്ചു.

പാക്കിസ്ഥാനിലെ ദേശീയ സുരക്ഷാ കമ്മിറ്റിയുടെ (എന്‍.എസ്!.സി) നിര്‍ദ്ദേശപ്രകാരമാണു നടപടി. ജെയ്ഷെ മുഹമ്മദിനെതിരെ ഇന്ത്യ കഴിഞ്ഞ ആഴ്ച പാക്കിസ്ഥാന് നല്‍കിയ കേസ് രേഖകളില്‍ അറസ്റ്റിലായവരുടെ പേരുണ്ട്. എന്നാല്‍ വേണ്ടത്ര തെളിവുകള്‍ ലഭിച്ചില്ലെങ്കില്‍ അവരെ വിട്ടയയ്ക്കുമെന്നുമാണ് ആഭ്യന്തര മന്ത്രി പറഞ്ഞിരിക്കുന്നത്.

Top