ഇന്ത്യയുടെ പൗരത്വ ബില്ലിനെ ശക്തമായി അപലപിക്കുന്നു: ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി: വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ ഇന്നലെ അര്‍ദ്ധ രാത്രിയിലാണ് ലോക്സഭയില്‍ പൗരത്വഭേദഗതി ബില്‍ പാസാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്‍ 80നെതിരേ 311 വോട്ടുകള്‍ക്കാണ് സഭ പാസാക്കിയത്. ബില്ല് പാസാക്കിയതിനെ തുടര്‍ന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് കേന്ദ്ര സര്‍ക്കരിനെതിരേയും അമിത് ഷാക്കെതിരേയും ഉയരുന്നത്.

ഇപ്പോഴിതാ പൗരത്വ ബില്ലിനെതിരെ ആഞ്ഞടിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത് വന്നിരിക്കുകയാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാകിസ്ഥാനുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും ലംഘിക്കുന്ന ഇന്ത്യയുടെ പൗരത്വ ബില്ലിനെ ശക്തമായി അപലപിക്കുന്നു എന്നാണ് പാക്കിസ്ഥാന്‍ ട്വീറ്റ് ചെയ്തത്. ഫാസിസ്റ്റ് മോദി സര്‍ക്കാര്‍ പ്രചരിപ്പിച്ച, രാജ്യാതിര്‍ത്തി വികസനത്തിലൂടെയുള്ള ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്ര മാതൃകയാണിതെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബില്ല് പാസാക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. മാത്രമല്ല മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം മുസ്ലീം വിവേചനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധമാണ് ഉയരുന്നത്. അസമില്‍ 12 മണിക്കൂര്‍ ബന്ദും നിരവധി അക്രമ സംഭവങ്ങളും നടക്കുകയാണ്.

ബുധനാഴ്ച ബില്ല് രാജ്യസഭയിലെത്തും. നിലവിലെ സ്ഥിതിയനുസരിച്ച് ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ രാജ്യസഭയിലും ബില്ല് പാസാക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന് സാധിക്കുമെന്നാണ് സൂചന. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്രിസ്ത്യന്‍ബുദ്ധജൈനപാര്‍സി സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്നതാണ് പൗരത്വ ഭേദഗതി ബില്‍.

Top