കശ്മീര്‍ വിഷയത്തില്‍ വീണ്ടും ഇന്ത്യയെ കുറ്റപ്പെടുത്തി പാക് പ്രധാനമന്ത്രി

ശ്മീര്‍ വിഷയത്തില്‍ വീണ്ടും ഇന്ത്യയെ കുറ്റപ്പെടുത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ നാട്ടുകാരില്‍ ചിലര്‍ കൊല്ലപ്പെട്ടതിനെ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയെ പഴി ചാരി ഇമ്രാന്‍ ഖാന്‍ സംസാരിച്ചത്.

നിഷ്‌കളങ്കരായ ജനങ്ങളെ ഇന്ത്യന്‍ സുരക്ഷാസേന കൊലപ്പെടുത്തിയതില്‍ അപലപിക്കുന്നു. ചര്‍ച്ച മാത്രമാണ് കശ്മീര്‍ വിഷയം പരിഹരിക്കാന്‍ സഹായകമാകുക. കൊലപാതകങ്ങളും അക്രമവും പ്രശ്നപരിഹാരമാകില്ല. ഇന്ത്യയുടെ മനുഷ്യാവകാശലംഘനത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയെ അറിയിക്കുകയും ജമ്മുകശ്മീരില്‍ ഹിതപരിശോധന നടത്താന്‍ ആവശ്യപ്പെടുകയും ചെയ്യും.’ ഇമ്രാന്‍ ട്വീറ്റ് ചെയ്തു.

ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവം. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു സൈന്യം പുല്‍വാമയിലെ സിര്‍നോയില്‍ തെരച്ചില്‍ നടത്തിയത്. തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. തെരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. ഭീകരുമായി ഏറ്റുമുട്ടലുട്ടല്‍ നടക്കുന്നതിനിടെ സൈനികരെ തടയാനെത്തിയ നാട്ടുകാരില്‍ ചിലരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

കൊല്ലപ്പെട്ടവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അബിദ് ഹുസൈന്‍, അമിര്‍ അഹമ്മദ് എന്നിവരാണവര്‍. സൈനിക നടപടി തടസപ്പെടുത്താനെത്തിയ നാട്ടുകാരെ നേരിടാന്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റതായും സൂചനയുണ്ട്.

Top