വീഡിയോ ഗെയിം യഥാര്‍ത്ഥ സംഭവമെന്ന്‌ തെറ്റിദ്ധരിച്ചു; പരിഹാസപാത്രമായി പാക്ക് നേതാവ്

ഇസ്ലാമാബാദ്: യഥാര്‍ത്ഥ സംഭവം എന്ന് കരുതി വീഡിയോ ഗെയിം ദൃശ്യങ്ങള്‍, ഷെയര്‍ ചെയ്ത് പരിഹാസപാത്രമായി പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാവും പിഎടിഎയുടെ ജനറല്‍ സെക്രട്ടറിയുമായ ഖുറം നവാസ്. റണ്‍വേയിലിറങ്ങിയ വിമാനം തൊട്ടു മുന്നിലെത്തിയ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പറന്നുയരുന്ന ദൃശ്യങ്ങളുള്ള വീഡിയോ ഗെയിം കണ്ടാണ് യഥാര്‍ത്ഥ സംഭവം ആണെന്ന് തെറ്റിധരിച്ച് പൈലറ്റിന്റെ മനസാന്നിധ്യത്തെ പ്രകീര്‍ത്തിച്ചാണ് ഖുറം ട്വീറ്റ് ചെയ്തത്.

വിമാനം പറന്നിറങ്ങി റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ലോറി മുന്നിലെത്തുന്നതും വിമാനം വാഹനത്തില്‍ ഇടിക്കാതെ വീണ്ടും പറന്നുയരുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ വീഡിയോ ഗെയിമുകള്‍ പരിചയമുള്ളവര്‍ക്ക് കാണുമ്പോള്‍ തന്നെ ഇതൊരു ഗെയിം വീഡിയോ ആണെന്ന് മനസിലാവും. അല്ലാത്തവര്‍ക്ക് ഒറ്റ നോട്ടത്തില്‍ മനസിലായില്ലെങ്കിലും വീഡിയോ കണ്ടു കഴിയുമ്പോള്‍ അതൊരു ഗ്രാഫിക് വീഡിയോ ആണെന്ന് തീര്‍ച്ചയായും മനസിലാക്കാന്‍ സാധിക്കുമെന്നുള്ളത് കൊണ്ടാണ് നവാസിന് ഇത്രയധികം പരിഹാസം നേരിടേണ്ടി വന്നത്.

അബദ്ധം പറ്റിയതറിഞ്ഞപ്പോള്‍ ഖുറം ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും അതിന് മുമ്പേ 1500 പേര്‍ അത് റീട്വീറ്റ് ചെയ്തിരുന്നു. നിരവധി കമന്റുകളും ഖുറംമിനെ പരിഹസിച്ച് വന്നത്.

Top