കശ്മീരിൽ ആഞ്ഞടിക്കാൻ സൈന്യം . . പാക്ക് അധീന മേഖല പ്രധാന ലക്ഷ്യം !

പാക്ക് അധീന കാശ്മീര്‍ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ കരുനീക്കം. കശ്മീരില്‍ പിടിമുറുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആത്യന്തികമായി ലക്ഷ്യമിടുന്നത് പാക്ക് അധീന കാശ്മീരിനെയാണ്.

മുന്‍ ഭരണാധികാരികള്‍ക്ക് പറ്റിയ വലിയ പിഴവാണ് ഈ ഭാഗം പാക്കിസ്ഥാന്റെ കൈവശമെത്താന്‍ കാരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. അതുകൊണ്ട് തന്നെ അനിവാര്യമായ ഘട്ടത്തില്‍ ഈ പ്രദേശം പിടിച്ചെടുക്കുക തന്നെയാണ് ലക്ഷ്യം.

നുഴഞ്ഞ് കയറ്റക്കാരുടെയും ഭീകര നേതാക്കളുടെയും പരിശീലന മേഖലയും താവളങ്ങളും പാക് അധീന കാശ്മീരിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ബാലക്കോട്ടെ തിരിച്ചടിക്ക് ശേഷം ഭീകരതാവളങ്ങള്‍ അടിക്കടി മാറ്റുന്നുണ്ടെങ്കിലും ഭീകരവിന്യാസം ഈ മേഘലയില്‍ തന്നെയാണുള്ളത്.

പുല്‍വാമ ആക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതോടെ സൈന്യവും നിലപാട് കടുപ്പിച്ചിരുന്നു. പാക്ക് അധീന കാശ്മീര്‍ കൈവശം വരാതെ ശാശ്വത പരിഹാരം അകലെയാണെന്ന നിലപാടിലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍.

കാശ്മീരില്‍ നിന്നും ഭീകരരെ തുടച്ച് നീക്കിയ ശേഷം പാക്ക് അധീന മേഖലയിലും കൈ വയ്ക്കാന്‍ തന്നെയാണ് സൈന്യത്തിന്റെ തീരുമാനം. ഭീകരതക്ക് എതിരായ നീക്കമായതിനാല്‍ ലോക രാഷ്ട്രങ്ങളുടെ പിന്തുണ ആര്‍ജിക്കാനും ഇന്ത്യയുടെ ഭാഗത്ത് നിന്നും തുടര്‍നീക്കങ്ങളുണ്ടാകും.

അതേസമയം ചൈനയുടെ ശക്തമായ പിന്‍ബലമാണ് പാക്കിസ്ഥാന്റെ ആത്മവിശ്വാസം. ഇന്ത്യ സാഹസം കാട്ടിയാല്‍ ചൈന രക്ഷക്ക് എത്തുമെന്നാണ് പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്.ഭീകരര്‍ക്കെതിരായ ചില പൊടികൈകള്‍ പാക്കിസ്ഥാന്‍ ഇപ്പോള്‍ പ്രയോഗിക്കുന്നതു തന്നെ ലോക രാഷ്ട്രങ്ങളെ പേടിച്ചിട്ടാണ്.

റഷ്യ ആയുധ ഇടപാട് റദ്ദാക്കിയതും പാക്കിസ്ഥാന് വലിയ തിരിച്ചടിയായിട്ടുണ്ട്. റഷ്യ ഇന്ത്യയുമായി അടുപ്പം പുലര്‍ത്തുന്നിടത്തോളം ചൈന പരിധിവിട്ട് സഹായിക്കില്ലെന്ന ഭീതിയും പാക്കിസ്ഥാനുണ്ട്.അന്താരാഷ്ട്ര തലത്തില്‍ അമേരിക്കന്‍ ചേരിക്കെതിരെ ചൈന വിശ്വസിക്കുന്ന ഏക രാജ്യമാണ് റഷ്യ.

ദോക്‌ലാമില്‍ നിന്നും ചൈനീസ് – ഇന്ത്യന്‍ സേനകള്‍ മുഖാമുഖം ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയപ്പോള്‍ ചൈനയെ പിന്തിരിപ്പിച്ചതും റഷ്യയായിരുന്നു. ഇന്ത്യ – ചൈന യുദ്ധകാലത്ത് ഇന്ത്യയിലേക്ക് കുതിച്ച് കയറിയ ചൈനീസ് സേനക്ക് തിരിച്ച് പോകേണ്ടി വന്നത് തന്നെ സോവിയറ്റ് യൂണിയന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

സോവിയറ്റ് യൂണിയന്റെ കാലം മുതലുള്ള ആത്മബന്ധമാണ് റഷ്യ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നത്. അമേരിക്കന്‍ ഭീഷണി വകവയ്ക്കാതെ റഷ്യയുമായി 40,000 കോടിയുടെ ആയുധ ഇടപാടാണ് അടുത്തയിടെ ഇന്ത്യ നടത്തിയിരുന്നത്.

ഈ സാഹചര്യത്തില്‍ ചൈനയുടെ സഹായം മാത്രം പ്രതീക്ഷിച്ച് നിന്നാല്‍ പണി പാളുമെന്നാണ് പാക്കിസ്ഥാന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെയാണ് അമേരിക്കയെ ഒപ്പം നിര്‍ത്താന്‍ ഇപ്പോള്‍ ശ്രമം നടത്തുന്നത്.

എന്നാല്‍ ഇന്ത്യയെ പിണക്കി പാക്കിസ്ഥാനുമായി ബന്ധം സ്ഥാപിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ അമേരിക്കക്കും പരിമിതികളുണ്ട്. ചൈന – റഷ്യ – ഇന്ത്യ കൂട്ട് കെട്ട് സ്വപ്നത്തില്‍ പോലും അമേരിക്ക ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

പല തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സമീപ കാലഘട്ടത്തിലൊന്നും ഒരു ബുള്ളറ്റ് പോലും ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യക്ക് പ്രയോഗിക്കേണ്ടി വന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇക്കാര്യം മുന്‍പ് തുറന്ന് പറഞ്ഞിരുന്നു. ഇന്ത്യയുമായി ഒരു സംഘര്‍ഷം ചൈന ആഗ്രഹിക്കുന്നില്ലെന്നതും യാഥാര്‍ത്ഥ്യമാണ്.

പാക് അധിനിവേശ കാശ്മീരിലെ ഭീകരതാവളങ്ങള്‍ വീണ്ടും ഇന്ത്യ ആക്രമിച്ചാല്‍ ചൈന ഇടപെടാനുള്ള സാധ്യതയും നിലവില്‍ കുറവാണ്. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുവാന്‍ ഒടുവില്‍ ചൈനക്കും സമ്മതിക്കേണ്ടി വന്നത് റഷ്യയുടെ സമ്മര്‍ദ്ദത്താലായിരുന്നു. ഇതും പാകിസ്ഥാന് വലിയ പ്രഹരമായ സംഭവമാണ്.

ഇപ്പോള്‍ ഭീകര നേതാവിനെ കൂട്ടിലടച്ച് നാടകം കളിച്ചാണ് ട്രംപുമായി ചര്‍ച്ചക്ക് ഇമ്രാന്‍ ഖാന്‍ പോകുന്നത്. എന്നാല്‍ ഇതൊന്നും മുഖവിലക്കെടുക്കാതെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ഇന്ത്യയുടെ തീരുമാനം.

കശ്മീരില്‍ പിടിമുറുക്കിയ കേന്ദ്ര സേന ഭീകര്‍ക്കായി നടത്തുന്ന സൈനിക നടപടി വീണ്ടും ശക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചില്ലങ്കില്‍ എന്തു ചെയ്യണമെന്ന് തങ്ങള്‍ക്കറിയാമെന്ന പ്രതിരോധ മന്ത്രിയുടെ വാക്കുകളില്‍ തന്നെ നിലപാടും വ്യക്തമാണ്.

വിഘടനവാദികള്‍ക്കും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പായാണ് ഈ പ്രതികരണം വിലയിരുത്തപ്പെടുന്നത്. കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നത് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇന്ത്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

കശ്മീരില്‍ ഗവര്‍ണ്ണര്‍ ഭരണം ഏര്‍പ്പെടുത്തിയതിനു ശേഷം നൂറ് കണക്കിന് തീവ്രവാദികളെയാണ് സൈന്യം കൊന്നൊടുക്കിയത്. മുന്‍ തമിഴ്‌നാട് കേഡര്‍ ഐ.പി.എസുകാരനായ വിജയകുമാറിനെ ഗവര്‍ണ്ണറുടെ ഉപദേശകനായി നിയമിച്ചത് തന്നെ നടപടി വേഗത്തിലാക്കാനായിരുന്നു.

കാട്ടു കൊള്ളക്കാരന്‍ വീരപ്പനെ പിടികൂടി വധിച്ച ദൗത്യസംഘം മേധാവിയായ വിജയകുമാര്‍ മാവോയിസ്റ്റ് വേട്ടയിലും വിദഗ്ദനാണ്. കേന്ദ്ര ആഭ്യന്തര ഉപദേഷ്ടാവ് സ്ഥാനത്ത് നിന്നാണ് ഗവര്‍ണ്ണറുടെ ഉപദേഷ്ടാവായി വിജയകുമാറിനെ കേന്ദ്രം മാറ്റി നിയമിച്ചിരുന്നത്.

ഇപ്പോള്‍ സൈനിക – പൊലീസ് നടപടികള്‍ക്ക് കരുത്ത് പകരാനായി മറ്റൊരു മുന്‍ ഐ.പി.എസുകാരനെ കൂടി കേന്ദ്രം കാശ്മീരിലെത്തിച്ചിട്ടുണ്ട്.

ഭീകരരുടെ പേടിസ്വപ്നമായ മുന്‍ ഐ.ജി ഫാറൂഖ് അഹമ്മദ് ഖാനെയാണ് ഇപ്പോള്‍ ഗവര്‍ണ്ണറുടെ മറ്റൊരു ഉപദേശകനായി നിയമിച്ചിരിക്കുന്നത്. 2014ല്‍ കശ്മീര്‍ പൊലീസ് സര്‍വ്വീസില്‍ നിന്നും വിരമിച്ച ഖാന്‍ അനവധി തീവ്രവാദികളെ കൊന്നൊടുക്കിയിട്ടുണ്ട്. നേരത്തെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായിരുന്നു. അമിത് ഷാ ആഭ്യന്തരമന്ത്രിയായതോടെയാണ് വീണ്ടും നിര്‍ണ്ണായക പദവിയില്‍ അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.

തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചതിനാല്‍ വന്‍ സുരക്ഷയാണ് ഫാറൂഖിന് കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തനിക്ക് ഒരു സുരക്ഷയും വേണ്ടെന്ന നിലപാടിലാണദ്ദേഹം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് ഫാറൂഖ് അഹമ്മദ് കത്തെഴുതിയിട്ടുണ്ട്.

Staff Reporter

Top