വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ യുവാവ് പാക് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു

ജമ്മു: വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ യുവാവ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം നടന്നത്. മുഹമ്മദ് ഇക്ലാഖ് (20) ആണ് മരിച്ചത്. ജമ്മുവിലെ മാള്‍ട്ടി പ്രദേശത്തിനടുത്തു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഇക്ലാഖ്.

നിയന്ത്രണരേഖയ്ക്ക് സമീപമായുളള ഈ പ്രദേശത്ത് പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകളെ ലക്ഷ്യമിട്ട് വെടിവെയ്പ്നടത്തിയിരുന്നു. ഉച്ചയ്ക്ക് 12.30 നായിരുന്നു വെടിവെയ്പ് തുടങ്ങിയതെന്ന് പൊലീസ് ഓഫിസര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. പാക് സൈന്യത്തിന്റെ വെടിയേറ്റാണ് ഇക്ലാഖ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇക്ലാഖ് സംഭവസ്ഥലത്തുതന്നെ മരിച്ചതായും പൊലീസ് ഓഫിസര്‍ പറഞ്ഞു. പാക് സൈന്യത്തിന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായി ഉണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ഈ പ്രദേശത്തെ ജനങ്ങളെ ഭയപ്പെടുത്തുന്നുണ്ട്.

ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളെ ലക്ഷ്യമിട്ട് പാക് സൈന്യം വെടിയുതിര്‍ക്കുന്നത് ഇതാദ്യമല്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന വെടിവയ്പില്‍ രാജൗരി ജില്ലയിലെ സ്‌കൂളില്‍ നിന്നുളള വിദ്യാര്‍ഥികളെ ബുള്ളറ്റ് പ്രൂഫ് മൊബൈല്‍ ബങ്കര്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്.

Top