കൊറിയകള്‍ ഒന്നിച്ച പോലെ ഇന്ത്യയും പാകിസ്താനും ഒന്നിക്കണം: പാക് മാധ്യമങ്ങള്‍

ഇസ്ലാമാബാദ്: ബദ്ധവൈരികളായിരുന്ന കൊറിയകള്‍ സമാധാനസ്ഥാപനത്തിനായി ഒന്നിച്ച പോലെ ഇന്ത്യയും പാകിസ്താനും ഒന്നിക്കണമെന്ന് പാക് മാധ്യമങ്ങള്‍. കൊറിയന്‍ കൂടിക്കാഴ്ചയെ പ്രശംസിച്ച് കൊണ്ടുള്ള ഡെയ്‌ലി ടൈംസിലെ ലേഖനത്തിലാണ് ആവശ്യം. കൊറിയന്‍ ഭരണാധികാരികളെ അനുകരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു.

ഇരുരാജ്യങ്ങളും തമ്മില്‍ എഴുപതിലധികം വര്‍ഷങ്ങളായി തുടരുന്ന പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും എന്നാണു പക്വത കാണിക്കുകയെന്നു ലേഖനത്തില്‍ ചോദിക്കുന്നു. ദേശീയ, പ്രാദേശിക താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തണം. സമാധാന ശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

ഡെയ്‌ലി ടൈംസിനു പുറമെ ഔദ്യോഗിക മാധ്യമമായ ഡോണിലും സമാനമായ ആവശ്യമാണ് ഉന്നയിക്കപ്പെടുന്നത്. കൊറിയന്‍ പ്രശ്‌നത്തില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ സാഹചര്യങ്ങളാണു ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത്. ചരിത്രം, സ്വപ്നങ്ങള്‍, ജനങ്ങളുടെ ആവശ്യങ്ങള്‍ അങ്ങനെ എല്ലാം മേഖലയിലെ സമാധാനത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നു ഡോണിലെ ലേഖനം പറയുന്നു.

1999ല്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് ലഹോറിലേക്കു നടത്തിയ ചരിത്രസന്ദര്‍ശനത്തിന്റെ ഓര്‍മപ്പെടുത്തലാണു കൊറിയന്‍ സന്ദര്‍ശനത്തിലൂടെ ലഭിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും ഒരിക്കല്‍ കൂടി സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പാതയിലെത്തണമെന്നും ലേഖനം ആഹ്വാനം ചെയ്യുന്നു.

Top