പാക്കിസ്ഥാന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷായ്ക്ക് ലോക റെക്കോര്‍ഡ്

ദുബായ്: ലോകറെക്കോര്‍ഡ് സ്വന്തമാക്കി പാക്കിസ്ഥാന്റെ ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 200 വിക്കറ്റ് സ്വന്തമാക്കുന്ന ബൗളറെന്ന നേട്ടമാണ് ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഷാ സ്വന്തമാക്കിയത്.

ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍ വില്‍ സോമര്‍വില്ലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് യാസിര്‍ ഷാ ലോകറെക്കോര്‍ഡിലെത്തിയത്. കരിയറിലെ 33-ാം ടെസ്റ്റിലാണ് ഷാ 200 വിക്കറ്റ് നേട്ടം തികച്ചത്.

മൂന്ന് വിക്കറ്റ് കൂടി നേടിയാല്‍ മൂന്ന് മത്സര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന പാക് ബൗളറെന്ന അബ്ദുള്‍ ഖാദിറിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും യാസിറിനാവും. 17 ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ച യാസിര്‍ ഷാ ഈ നേട്ടം അതിവേഗം കൈവരിക്കുന്ന രണ്ടാമത്തെ ബൗളറായിരുന്നു.16 ടെസ്റ്റില്‍ 100 വിക്കറ്റ് നേട്ടത്തിലെത്തിയിട്ടുള്ള ഇംഗ്ലണ്ടിന്റെ ലോഹ്മാന്റെ പേരിലാണ് അതിവേഗം 100 വിക്കറ്റ് തികച്ചതിന്റെ റെക്കോര്‍ഡ്. അശ്വിന്‍ 18 ടെസ്റ്റില്‍ നിന്ന് 100 വിക്കറ്റ് നേട്ടത്തിലെത്തിയിരുന്നു.

Top