പാക്ക് ഹൈക്കമ്മീഷനില്‍ സമര്‍പ്പിച്ച പാസ്‌പോട്ടുകള്‍ കാണാനില്ല; സുരക്ഷാ വീഴ്ചയെന്ന് പൊലീസ്

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ കര്‍താപുര്‍ സാഹിബ് സിഖ് ഗുരുദ്വാര സന്ദര്‍ശിക്കുന്നതിന് അനുമതി തേടി സമര്‍പ്പിച്ച പാസ്‌പോര്‍ട്ടുകള്‍ നഷ്ടമായി. പാക്ക് ഹൈക്കമ്മീഷനില്‍ സമര്‍പ്പിച്ച 23 സിഖുക്കാരുടെ പാസ്‌പോര്‍ട്ടുകളാണ് ഈയിടെ കാണാതായത്. ന്യൂഡല്‍ഹിയിലെ പാക്കിസ്താന്‍ ഹൈക്കമീഷനിലാണ് സംഭവം.

നഷ്ടപ്പെട്ട പാസ്‌പോട്ടിന്റെ ഉടമകള്‍ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട സംഭവം പാക്ക് ഹൈക്കമീഷന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള വലിയ സുരക്ഷാ വീഴ്ചയാണെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത് ഡല്‍ഹി ആസ്ഥാനമായ ട്രാവല്‍ ഏജന്റിനുണ്ടായ വീഴ്ചയാണെന്നും അതില്‍ യാതൊരു പങ്കുമില്ലെന്നും പാക്കിസ്താന്‍ വ്യക്തമാക്കി. ഗുരു നാനാക് ദേവ് ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ നവംബര്‍ 21നും 30നും ഇടയില്‍ 3800 സിഖ് തീര്‍ഥാടകര്‍ക്ക് പാക്കിസ്താന്‍ വിസ അനുവദിച്ചിരുന്നു. ഇതില്‍ നിന്നുള്ള പാസ്‌പോട്ടുകളാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്.

Top