ഭീകരരെ പോറ്റി വളര്‍ത്തുന്നത് പാക്കിസ്ഥാന്‍, ഇമ്രാന്റെ വായടപ്പിച്ച് ഇന്ത്യ !

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. പാക്കിസ്ഥാന്‍ തിവ്രവാദികളെ പിന്തുണയ്ക്കുന്നതും ആയുധങ്ങള്‍ നല്‍കുന്നതും ലോകത്തിന് അറിയാമെന്ന് ഇന്ത്യ പറഞ്ഞു. യുഎന്‍ രക്ഷാകൗണ്‍സില്‍ പട്ടികയിലെ ഭീകരരില്‍ ഏറെപ്പേരുടെയും താവളം പാക്കിസ്ഥാനാണെന്നും യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബെ ചൂണ്ടിക്കാട്ടി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ.

ഭീകരര്‍ സ്വതന്ത്രമായി നടക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. പാക് നേതാക്കള്‍ ഇന്ത്യയെപ്പറ്റി കള്ളപ്രചാരണം നടത്തി ലോകത്തെ കബളിപ്പിക്കുന്നത് ഇതാദ്യമല്ല. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട കാര്യം പാക്കിസ്ഥാനില്ല. ഭീകരവാദത്തെ പരസ്യമായി പിന്തുണയ്ക്കുകയും ഭീകരരെ പരിശീലിപ്പിക്കുകയും അതിനായി പണമൊഴുക്കുകയും ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാന്‍ എന്ന് രാജ്യാന്തര തലത്തില്‍തന്നെ അറിവുള്ളതാണ്. യുഎന്‍ രക്ഷാകൗണ്‍സില്‍ പട്ടികയിലെ ഭീകരരില്‍ ഏറെപ്പേരുടെയും താവളം പാക്കിസ്ഥാനാണെന്നും സ്‌നേഹ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ ഇരകളാണ് എന്നാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. തീ കെടുത്തുന്നവനെന്ന് വിശേഷിപ്പിച്ച് പുരയ്ക്ക് തീയിടുന്ന പോലെയാണിത്. അയല്‍രാജ്യങ്ങളെ മാത്രമേ നശിപ്പിക്കൂ എന്നു കരുതിയാണ് പാക്കിസ്ഥാന്‍ ഭീകരരെ വളര്‍ത്തുന്നത്. എന്നാല്‍ അവരുടെ നയങ്ങള്‍ കാരണം ലോകം ബുദ്ധിമുട്ടുകയാണ്. മറുവശത്ത്, തന്റെ രാജ്യത്തെ വിഭാഗീയ അക്രമങ്ങളെ ഭീകരപ്രവര്‍ത്തനമായി മൂടിവയ്ക്കാനും ശ്രമിക്കുന്നു.

ഉസാമ ബിന്‍ ലാദനുപോലും അഭയം നല്‍കിയ രാജ്യമാണ് പാക്കിസ്ഥാന്‍. കഴിഞ്ഞ ദിവസമായിരുന്നു വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ 20-ാം വാര്‍ഷികം. ആ ആക്രമണത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായ ലാദന് അഭയം നല്‍കിയത് പാക്കിസ്ഥാനാണ്. ഇന്നും രക്തസാക്ഷിയെന്നു പറഞ്ഞ് അയാളെ ആദരിക്കുകയാണെന്നും സ്‌നേഹ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, അഫ്ഗാനിസ്ഥാനിലെ പാക് ഇടപെടലില്‍ യുഎസും രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭീകര സംഘടനകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞു.

ആഗോള സുരക്ഷ, അതിര്‍ത്തി കടന്നുള്ള ഭീകരവാദം, സുരക്ഷിതവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല, കൊവിഡിനെ നേരിടല്‍ തുടങ്ങിയ വിഷയങ്ങളും മോദി ബൈഡന്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. യു എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

Top