pak-Former Army Chief-son-kidnapped case

വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ മുന്‍ സൈനിക മേധാവി അഷ്ഫഖ് പര്‍വേസ് കയാനിയുടെ തട്ടിക്കൊണ്ടു പോയ മകനെ മോചിപ്പിക്കുന്നതിന് വേണ്ടി അല്‍ക്വഇദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ രണ്ട് പെണ്‍മക്കളേയും മറ്റൊരു സ്ത്രീയേയും പാകിസ്ഥാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്.

പാകിസ്ഥാനില്‍ അല്‍ക്വഇദയ്ക്ക് എത്രമാത്രം സ്വാധീനമുണ്ടെന്ന് വെളിവാക്കുന്നതാണ് പുതിയ സംഭവം. അതേസമയം, ഖയാനിയുടെ മകനെ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ടുകളൊന്നും ഇല്ലാത്തതിനാല്‍ ഇപ്പോള്‍ വന്ന ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അറേബ്യന്‍ പെനിന്‍സുലയില്‍ അല്‍ക്വഇദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അല്‍ മസ്‌റ മാഗസിന്റെ ഇരുപതാമത് എഡിഷനില്‍ വന്ന റിപ്പോര്‍ട്ടിനെ ആധാരമാക്കി ദ ലോംഗ് വാര്‍ ജേര്‍ണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ടില്‍ കയാനിയുടെ മകന്റെ പേര് പരാമര്‍ശിക്കുന്നുമില്ല. പാകിസ്ഥാന്‍ സൈന്യത്തിലും രഹസ്യാന്വേഷണ വിഭാഗത്തിലും ശക്തമായ സ്വാധീനം ഉണ്ടായിരുന്ന ആളാണ് ഖയാനി.

തങ്ങള്‍ പിടിയിലാക്കിയ, പാകിസ്ഥാന്‍ സൈനിക കമാന്‍ഡറുടെ മകനാണ് യുവതികളുടെ മോചനത്തിന് വഴി തെളിച്ചതെന്ന് പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സവാഹിരിയുടെ പെണ്‍മക്കളേയും ഷേക്ക് മുര്‍ജാന്‍ സേലം അല്‍ജവാഹിരിയുടെ മകളേയും പിടികൂടിയതിന് അല്‍ക്വഇദ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് സംബന്ധിച്ച ട്വിറ്റര്‍ സന്ദേശവും പത്രം റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിട്ടുണ്ട്. ഈ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.

സൈനിക കമാന്‍ഡര്‍ ആരാണെന്ന് വ്യക്തമാക്കുന്നതിന് കയാനിയുടെ ചിത്രമാണ് ട്വിറ്ററില്‍ നല്‍കിയിരുന്നത്. സവാഹിരിയുടെ മക്കളെ വിട്ടു കിട്ടാന്‍ മുജാഹിദ്ദീനുകളെ പ്രേരിപ്പിച്ചത് അള്ളാഹുവാണെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

യുവതികളെ മോചിപ്പിക്കാന്‍ ആദ്യം പാകിസ്ഥാന്‍ സൈന്യം തയ്യാറായിരുന്നില്ല. എന്നാല്‍, നീണ്ട വിലപേശലുകള്‍ക്കൊടുവില്‍ സൈന്യം സവാഹിരിയുടെ മക്കളേയും മൂന്നാമതൊരു യുവതിയേയും വിട്ടു കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മൂന്നാമത്തെ സ്ത്രീയും അവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടികളും ഈജിപ്തില്‍ മടങ്ങി എത്തിയിട്ടുണ്ട്. എന്നാല്‍, മോചനം നടന്നത് ജൂലൈയിലോ ആഗസ്റ്റിലോ ആണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top