ഗുജറാത്ത് തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുണ്ടായ പാക് വെടിവെപ്പ്: പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ പാക്കിസ്ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ. പാക് ഹൈക്കമ്മീഷനിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. പാക് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരെയുണ്ടായ പാക്ക് വെടിവെപ്പില്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. പാക്ക് നാവിക ഉദ്യോഗസ്ഥന്‍ വെടിവെച്ചുവെന്നാണ് നിഗമനം. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണ് സംഭവം നടന്നത്. ഗുജറാത്തിലെ ഓഖയില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ജല്‍പാരിയെന്ന ബോട്ടിന് നേരെയാണ് ആക്രമണം നടന്നത്. ബോട്ടില്‍ ഏഴ് മത്സ്യതൊഴിലാളികളാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരെ സുരക്ഷിതമായി തിരികെ എത്തിച്ചു. അവരില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയുകയാണ്. സംഭവത്തില്‍ പത്ത് പാക് നാവികര്‍ക്ക് എതിരെ ഗുജറാത്ത് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

എന്നാല്‍ അതേസമയം, ഗുജറാത്ത് തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പാകിസ്ഥാന്‍ നിഷേധിച്ചു. ജല്‍പാരി എന്ന ബോട്ടിനെയോ വെടിവെപ്പിനെയോ കുറിച്ച് അറിയില്ലെന്ന് പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി. മത്സ്യതൊഴിലാളികള്‍ക്ക് നേരെ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പിലെ പ്രതിഷേധം നയതന്ത്രതലത്തില്‍ ഉന്നയിക്കുമെന്ന ഇന്ത്യയുടെ പ്രതികരണത്തിന് പിന്നാലെയാണ് പാക് വിശദീകരണം.

Top