നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍; സൈനികന് വീരമൃത്യു

ശ്രീനഗര്‍: പാക്ക് സൈന്യം ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന് നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു. ഗുജറാത്ത് വഡോദര സ്വദേശിയായ മുഹമ്മദ് ആത്തിഫ് ഷാഫി ആലംഖാനാണ് വീരമൃത്യു വരിച്ചത്.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്ക് സൈന്യം നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് ആത്തിഫ് ഷാഫി ആലംഖാന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് രജൗരിയിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്ക് സൈന്യം വെടിവെപ്പ് ആരംഭിച്ചത്. ഇന്ത്യന്‍ സൈന്യം ഇതിന് ശക്തമായ രീതിയില്‍ തിരിച്ചടിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായും പാക്ക് സൈനികര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

Top