ഉത്തര കൊറിയന്‍ നയതന്ത്രജ്ഞനെയും ഭാര്യയെയും പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ ആക്രമിച്ചു

കറാച്ചി : ഉത്തര കൊറിയന്‍ നയതന്ത്രജ്ഞനെയും ഭാര്യയെയും പാക് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആക്രമിച്ചെന്ന് പാകിസ്താനിലെ ഉത്തര കൊറിയന്‍ എംബസി ആരോപിച്ചു.

പാകിസ്ഥാനും ഉത്തര കൊറിയയും തമ്മിലുള്ള നയതന്ത്രബന്ധത്തിന് വിള്ളലേല്‍പിക്കാവുന്ന സംഭവമാണെന്നും ഇതിനെതിരെ പാകിസ്ഥാന്‍ ശക്തമായ നടപടി കൈക്കൊള്ളണമെന്നും രേഖാമൂലമുള്ള പരാതിയില്‍ പറയുന്നു.

നികുതി വകുപ്പില്‍ നിന്ന് വന്ന ആയുധമേന്തിയ പത്തോളം പേര്‍ സ്ഥാനപതിയുടെ കറാച്ചിയിലെ വീട്ടിലേക്ക് ഏപ്രില്‍ 9നാണ് അതിക്രമിച്ചു കയറിയത്. നയതന്ത്രജ്ഞനെ ആക്രമിച്ച ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും അടിക്കുകയും ചെയ്തു. ഇരുവരുടെയും മുഖത്ത് അടിക്കുന്നതിന് മുമ്പ് അവര്‍ക്ക് നേരെ തോക്കു ചൂണ്ടിയെന്നും പരാതിയില്‍ പറയുന്നു.

വളരെ ഗൗരവമേറിയ പരാതിയാണിതെന്നും ശക്തമായ അന്വേഷണം നടത്തുമെന്നും പാകിസ്ഥാന്‍ നികുതി വകുപ്പ് മേധാവി ഷോയിബ് സിദ്ദിഖി അറിയിച്ചു.

സംഭവം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Top