ഇതാണോ പുതിയ പാക്കിസ്ഥാന്‍? ഇമ്രാന്‍ ഖാനെ ട്രോളി പാരഡിയുമായി പാക് എംബസി

ലഹോര്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ട്രോളി സെര്‍ബിയയിലെ പാകിസ്താന്‍ എംബസി. ജീവനക്കാര്‍ക്കു ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണു പ്രധാനമന്ത്രിയെ കളിയാക്ക്‌ക്കൊണ്ട് പാരഡി ഗാനം ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴി പുറത്തുവിട്ടിരിക്കുന്നത്.

‘പണപ്പെരുപ്പം മുന്‍കാല റെക്കോഡുകളെല്ലാം ഭേദിച്ച അവസ്ഥയിലാണ്. എത്രകാലം ഇമ്രാന്‍ ഖാന്‍, നിങ്ങളും സര്‍ക്കാര്‍ അധികാരികളും മൗനം പാലിക്കും. ഞങ്ങള്‍ക്കു ശമ്പളം ലഭിച്ചിട്ടു മൂന്ന് മാസമായി. ഫീസ് അടച്ചില്ലെങ്കില്‍ ഞങ്ങളുടെ കുട്ടികള്‍ സ്‌കൂളില്‍ നിന്നും പുറത്താകും. ഇതാണോ പുതിയ പാക്കിസ്ഥാന്‍?’ എന്ന കുറിപ്പോടുകൂടിയാണ് എംബസി പാരഡി മ്യൂസിക് വിഡിയോ പങ്കുവെച്ചത്.

ഈ ട്വീറ്റിനു താഴെയായി ‘പ്രധാനമന്ത്രി ഞങ്ങളോടു ക്ഷമിക്കണമെന്നും മറ്റു വഴികള്‍ ഇല്ലാതെയാണ് ഇതുചെയ്യേണ്ടി വന്നതെ’ന്നും എംബസി വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതിനു പിന്നാലെ എംബസി ട്വീറ്റ് നീക്കം ചെയ്തു.

എന്നാല്‍, മറ്റു ചില ട്വിറ്റര്‍ പേജുകളില്‍ ഇപ്പോഴും വിഡിയോ പ്രചരിക്കുകയാണ്. സെര്‍ബിയയിലെ പാക്കിസ്ഥാന്‍ എംബസി ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്കാരടക്കമുള്ളവര്‍ കമന്റ് ചെയ്യുന്നുമുണ്ട്.

Top