പാക്ക് നയതന്ത്ര ഉദ്യോഗസ്ഥന്‍ കുവൈറ്റ് പ്രതിനിധിയുടെ പേഴ്‌സ് മോഷ്ടിച്ച വീഡിയോ വൈറല്‍

പാക്കിസ്ഥാന്‍:പാക്കിസ്ഥാന് നാണക്കേട് വരുത്തി വെയ്ക്കുന്ന പ്രവൃത്തിയുമായി ഉദ്യോഗസ്ഥന്‍. കുവൈറ്റ് പ്രതിനിധിയുടെ പേഴ്‌സ് മോഷ്ടിച്ചാണ് പാക്ക് നയതന്ത്ര ഉദ്യോഗസ്ഥന്‍ രാജ്യത്തെ നാണം കെടുത്തിയിരിക്കുന്നത്.

നിക്ഷേപപദ്ധതി ചര്‍ച്ചയ്ക്കായി പാക്കിസ്ഥാനിലെത്തിയ പ്രതിനിധിക്കാണ് മോശം അനുഭവമുണ്ടായത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചര്‍ച്ച നടത്തിയ ശേഷം മടങ്ങി പോകുന്ന കുവൈറ്റ് സംഘത്തിലെ ഒരു പ്രതിനിധി സ്വന്തം പേഴ്‌സ് മേശയില്‍ മറന്നു വെയ്ക്കുകയായിരുന്നു. ഇത് കണ്ട് പാക്ക് നയതന്ത്ര ഉദ്യോഗസ്ഥന്‍ ഈ പേഴ്‌സ് പോക്കറ്റിലാക്കി. ഇതു സംബന്ധിച്ച വീഡിയോ പുറത്തു വിട്ടത് പാക്ക് മാധ്യമം ഡോണ്‍ ആയിരുന്നു.

ആറു സെക്കന്‍ഡ് മാത്രമാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് പാക്ക് സര്‍ക്കാര്‍ കുവൈറ്റിന് ഉറപ്പു നല്‍കി.

പേഴ്‌സ് നഷ്ടമായ വിവരം കുവൈറ്റ് ഉദ്യോഗസ്ഥന്‍ അറിയിച്ചതോടെ മന്ത്രാലയത്തിലെ എല്ലാ മുറികളിലും അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു.

പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് മോഷ്ടാവെന്ന് കണ്ടെത്തിയതോടെ ഇയാളെ ചോദ്യം ചെയ്തു. ആദ്യം ഉദ്യോഗസ്ഥന്‍ കുറ്റം നിഷേധിച്ചിരുന്നു. പിന്നീട് തെളിവുകള്‍ എതിരാണെന്ന് മനസിലാക്കിയപ്പോള്‍ പേഴ്‌സ് തിരികെ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

Top