പാകിസ്ഥാന്റെ പുതിയ വനിതാ പ്രതിരോധമന്ത്രി ഇന്ത്യയ്ക്ക് ഭീഷണിയാകുമോ?

ഇസ്ലാമാബാദ്: ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങളില്‍ അണ്വായുധം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട വനിതാ രാഷ്ട്രീയ നേതാവ് ഷിരിന് മസാരി പാക്കിസ്ഥാനിലെ പ്രതിരോധ മന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മസാരിയുടെ പേര് പരിഗണിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മസാരി ഇമ്രാന്റെ തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ ചീഫ് വിപ്പ് കൂടിയാണ്.

1999ല്‍ ദ ഡിഫന്‌സ് ജേര്‍ണലില്‍ എഴുതിയ ഒരു ലേഖനത്തിലാണ് ഇന്ത്യയിലെ ജനവാസ, വ്യവസായ കേന്ദ്രങ്ങളില്‍ പാക്കിസ്ഥാന് അണ്വായുധം പ്രയോഗിക്കണമെന്നു മസാരി നിര്‍ദേശിച്ചത്. ഇന്ത്യയുടെ ആണവകേന്ദ്രങ്ങള്‍ ജനവാസ കേന്ദ്രങ്ങളോട് അടുത്താണെന്നും ഇത്തരം സ്ഥലങ്ങളിലെ ആക്രമണം ഇരട്ടി നാശം വിതയ്ക്കുമെന്നും മറ്റൊരു ലേഖനത്തിലും ഇവര്‍ ചൂണ്ടിക്കാട്ടി.

നിയമനം ലഭിച്ചാല്‍ പാക് പ്രതിരോധ വകുപ്പ് പൂര്‍ണമായും കൈകാര്യം ചെയ്യുന്ന ആദ്യ വനിതാ മന്ത്രിയായിരിക്കും മസാരി. മുന്‍പ് ബേനസീര്‍ഭൂട്ടോ 1988 മുതല്‍ 90 വരെ പ്രധാനമന്ത്രിപദത്തിനൊപ്പം പ്രതിരോധവകുപ്പും കൈകാര്യം ചെയ്തിരുന്നു.

Top