പാക് യുവതാരം ഷഹീന്‍ അഫ്രീദി വിവാഹിതനാവുന്നു

കറാച്ചി: പാക് യുവതാരം ഷഹീന്‍ അഫ്രിദീ വിവാഹിതനാവുന്നു. മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദിയുടെ മകള്‍ അക്‌സ അഫ്രീദിയെയാണ് ഷഹീന്‍ അഫ്രീദി വിവാഹം കഴിക്കുക എന്നാണ് റിപ്പോര്‍ട്ട്. വിവാഹ ആലോചനയുമായി ഷഹീന്‍ അഫ്രീദിയുടെ കുടുംബം തന്റെ കുടുംബത്തെ സമീപിച്ചുവെന്ന് ഷാഹിദ് അഫ്രീദി ട്വിറ്ററില്‍ സ്ഥിരീകരിച്ചിരുന്നു.

ഇരു കുടുംബങ്ങളും കൂടിയാലോചനകള്‍ തുടരുകയാണെന്നും അഫ്രീദി പറഞ്ഞു. ദൈവത്തിന്റെ ആഗ്രഹം അതാണെങ്കില്‍ വിവാഹം നടക്കുമെന്നും ഷഹീന്റെ കരിയറില്‍ എല്ലാ വിജയങ്ങളും ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അഫ്രീദി കുറിച്ചു. ഇരുവരുടെയും വിവാഹനിശ്ചയം വൈകാതെ തന്നെ നടക്കുമെന്നാണ് സൂചന. ഷഹീന്റെ പിതാവ് അയാസ് ഖാനും വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതുമായി ബന്ധപ്പെട്ട് ആലോചനകളും മറ്റും നടന്നുവെന്നും സന്തോഷവാര്‍ത്ത പുറംലോകത്തെ അറിയിക്കാനുള്ള സമയം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

ഈയടുത്ത് നടന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഷഹീന്‍ അഫ്രീദിയും ഷാഹിദ് അഫ്രീദിയും കളിച്ചിരുന്നു. പാക് സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്‌സ് താരമാണ് ഷഹീന്‍ അഫ്രീദി. മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനു വേണ്ടിയാണ് അഫ്രീദി പാക് സൂപ്പര്‍ ലിഗില്‍ കളിക്കുന്നത്.

Top