വ്യോമപാതകളില്‍ ഒന്ന് അടച്ച് പാക്കിസ്ഥാന്‍; ഇനി വിമാന യാത്രയ്ക്ക് 12 മിനിറ്റ് അധിക സമയം

ഇസ്ലാമാബാദ് : ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കില്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതില്‍ വ്യോമപാതകളില്‍ ഒന്ന് അടച്ച് പാക്കിസ്ഥാന്‍. ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അജയ് ബിസാരിയയെ പുറത്താക്കിയതിന് പിന്നാലെയാണു നടപടി. ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷണറെ മടക്കിവിളിച്ചിട്ടുമുണ്ട്.

പാക്കിസ്ഥാന്‍ വ്യോമപാതകളില്‍ ഒന്ന് അടച്ചതിനാല്‍ വിമാനയാത്രയ്ക്ക് 12 മിനിറ്റ് അധിക സമയം വേണ്ടിവരുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പാക്ക് വ്യോമപാതയിലൂടെ എയര്‍ ഇന്ത്യയ്ക്കുള്ളത് യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടിങ്ങളിലേക്കായി അന്‍പതോളം സര്‍വീസുകളാണ്.പാത മാറേണ്ടി വരുമെങ്കിലും പാക്ക് നടപടി സര്‍വീസുകളെ കാര്യമായി ബാധിക്കില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

പാക്ക് ഹൈക്കമ്മിഷണറായി നിയമിതനായ മൊയിനുല്‍ ഹഖ് ഡല്‍ഹിയില്‍ ഈ മാസം സ്ഥാനമേറ്റെടുക്കാനിരുന്നതാണ്. അദ്ദേഹത്തെ അയയ്ക്കുന്നില്ലെന്നു പാക്കിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചു.

ബാലക്കോട്ട് ആക്രമണത്തെ തുടര്‍ന്ന് അടച്ച പാക്ക് വ്യോമപാത കഴിഞ്ഞ മാസമാണു വീണ്ടും പൂര്‍ണനിലയില്‍ തുറന്നത്. വ്യോമപാത അടച്ചത് വിമാനക്കമ്പനികള്‍ക്കും പാക്കിസ്ഥാനും അന്നു കോടികളുടെ നഷ്ടമുണ്ടാക്കിയിരുന്നു.

Top