“വിജയത്തിൽ അമിതാവേശം വേണ്ട”, പാകിസ്താൻ ക്യാപ്റ്റന്റെ വീഡിയോ വൈറൽ

ദുബായ്: കഴിഞ്ഞ ദിവസം ദുബായിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് മേല്‍ വിജയം നേടുകയായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം മറികടന്ന പാകിസ്താന്‍ മുഹമ്മദ് റിസ്‌വാന്‍, ക്യാപ്റ്റന്‍ ബാബര്‍ അസം എന്നിവരുടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ 10 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്.

മത്സരത്തിന് ശേഷം പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം തന്റെ ടീമംഗങ്ങളോട് നടത്തിയ അഭ്യര്‍ത്ഥന ശ്രദ്ധനേടുകയാണ്. തങ്ങളുടെ വിജയത്തില്‍ അമിതമായി ആവേശഭരിതരാകരുതെന്നാണ് ബാബര്‍ തന്റെ സഹതാരങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്. ഇതൊരു തുടക്കം മാത്രമാണെന്നും ടൂര്‍മെന്റിലെ അടുത്ത മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബാബര്‍ കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പങ്കുവച്ച വീഡിയോയിലാണ് ബാബര്‍ അസം ഇത്തരത്തില്‍ സഹതാരങ്ങളോട് ആവശ്യപ്പെടുന്നത്.

ഇന്ന് രണ്ടാമത്തെ മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും. ഷാര്‍ജയില്‍ രാത്രി 7.30നാണ് മത്സരം. ഇന്ത്യയെ പത്ത് വിക്കറ്റിന് തോല്‍പിച്ച പാകിസ്ഥാന് ലോകകപ്പില്‍ ഇതിനേക്കാള്‍ മികച്ചൊരു തുടക്കം സ്വപ്നത്തില്‍പ്പോലും അസാധ്യമെന്ന് വേണമെങ്കില്‍ പറയാം. അതേസമയം, ന്യൂസിലന്‍ഡിന്റെ ടൂര്‍ണ്ണമെന്റിലെ ആദ്യത്തെ മല്‍സരമാണ്.

Top