ഇന്ത്യ ഇനിയും ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കും: ഇമ്രാന്‍ ഖാന്‍

ഇസ്ലമാബാദ്: ഇന്ത്യ ഇനിയും ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നാല്‍ തങ്ങളും ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക്ക് അധിനിവേശ കശ്മീരില്‍ ആക്രമണം നടത്താന്‍ ഇന്ത്യയ്ക്ക് പദ്ധതി ഉണ്ടെന്നും എന്നാല്‍ അവസാനം വരെ ഇതിനെതിരെ പോരാടുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാക്കിസ്ഥാന്റെ സ്വാതന്ത്രദിനമായ 14ന് മുസാഫറാബാദില്‍ നടത്തിയ സംവാദത്തിലാണ് ഇമ്രാന്റെ പ്രസ്താവന.

കശ്മീരില്‍ ഇന്ത്യ ഇപ്പോള്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധ മാറ്റാനാണ് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നത്. പാക്കിസ്ഥാന്‍ സൈന്യത്തിന് ഇതുമായി ബന്ധപ്പെട്ട് പൂര്‍ണവിവരം ലഭിച്ചിട്ടുണ്ടെന്നും ഇമ്രാന്‍ അറിയിച്ചു.പാക്ക് സൈന്യത്തിന് പിന്തുണയുമായി രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ അണിനിരക്കും. അല്ലാഹുവിന് മുന്‍പിലല്ലാതെ ആര്‍ക്കുമുന്‍പിലും മുസ്ലിംങ്ങള്‍ തലകുനിക്കില്ല. ഏതെങ്കിലും വിധത്തില്‍ പ്രകോപനം സൃഷ്ടിച്ചാല്‍ മോദിയെ ഞങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു.


കഴിഞ്ഞ ദിവസവും ഇന്ത്യയ്ക്കും ആര്‍എസ്എസ് പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഇമ്രാന്‍ ഉന്നയിച്ചിരുന്നു. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം നാസികളുടേതുപോലെ ഭീകരമാണെന്നും അത് ഇന്ത്യയുടെ നാശത്തിന് കാരണമാകുമെന്നുമായിരുന്നു ഇമ്രാന്‍ ട്വീറ്റ് ചെയ്തത്. അഞ്ചു വര്‍ഷമായി കശ്മീരില്‍ നടക്കുന്ന ക്രൂരതകളെല്ലാം ഈ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ പ്രഖ്യാപനം ഇക്കാര്യത്തില്‍ മോദിയുടെ അവസാന തുറുപ്പുചീട്ടായിരുന്നു. ആര്‍എസ്എസ് ഇന്ത്യയുടെ ഭരണഘടന വരെ മാറ്റിയിരിക്കുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ പ്രതിപക്ഷം ഭീതിയോടെയാണ് സംസാരിക്കുന്നത്. ഇന്ത്യയെ നാശത്തിലേക്കാണ് ബിജെപി നയിക്കുന്നതെന്നും ഇമ്രാന്‍ ആരോപിക്കുകയുണ്ടായി.

Top