പെയിന്റ് വിവാദം; ബഹ്റയെ കുരുക്കിയാൽ . . സെന്‍കുമാറിന് വിജിലന്‍സിലും കുരുക്കാകും

തിരുവനന്തപുരം: പെയിന്റ് വിവാദത്തില്‍ ലോക് നാഥ് ബഹ്‌റയെ കുരുക്കാന്‍ ശ്രമിച്ചാല്‍ സെന്‍കുമാറിനെ വിജിലന്‍സ് കേസില്‍ കുടുക്കുമെന്ന് സൂചന.

പൊലീസ് മേധാവി സ്ഥാനത്ത് നിന്നും ഒഴിയുന്നതിന് തൊട്ട് മുന്‍പ് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ പെയിന്റടിക്കണമെന്ന തന്റെ ഉത്തരവ് പുറത്തായതിലും പരിശോധന നടത്താന്‍ തീരുമാനിച്ചതിലും കടുത്ത രോഷത്തിലാണ് ബഹ്‌റ.

തന്നെ മന:പൂര്‍വ്വം തേജോവധം ചെയ്യുന്നതിനുള്ള നീക്കമായിട്ടാണ് ഈ നടപടിയെ അദ്ദേഹം നോക്കി കാണുന്നത്.

orderr

സംസ്ഥാന പൊലീസ് മേധാവി സ്ഥാനം നഷ്ടമായെങ്കിലും വിജിലന്‍സ് ഡയറക്ടര്‍ തസ്തികയില്‍ ഇരിക്കുന്നത് ബഹ്‌റയെ സംബന്ധിച്ച് പ്രതിരോധ ‘കവച ‘മാക്കാനാണ് ശ്രമം.

ഇപ്പോള്‍ ഉയര്‍ന്നു വന്ന ആരോപണത്തില്‍ യഥാര്‍ത്ഥത്തില്‍ അന്വേഷണം നടത്തേണ്ടതും തുടര്‍ നടപടി സ്വീകരിക്കേണ്ടതും വിജിലന്‍സ് വിഭാഗമാണ്.

എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ തന്നെയാണ് ആക്ഷേപമെന്നതിനാല്‍ വിജിലന്‍സ് അന്വേഷണം പ്രായോഗികമല്ല. അഥവാ നടത്തിയാല്‍ തന്നെ പ്രഹസനവുമാകും.

സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി ഹരിശങ്കര്‍ നിലവില്‍ നടത്തുന്ന പരിശോധനയില്‍ വല്ലതും ‘കണ്ടു പിടിച്ചാല്‍’ അത് ബഹ്‌റക്ക് വലിയ കുരുക്കാവും.

എന്ത് ന്യായീകരണം പറഞ്ഞാലും ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് ഉപയോഗിക്കണമെന്ന് ഉത്തരവില്‍ പറഞ്ഞത് തെറ്റാണെന്ന നിലപാടാണ് സര്‍ക്കാര്‍ തലപ്പത്തും ഉള്ളത്.

എന്നാല്‍ ബഹ്‌റയെ തല്‍ക്കാലം കൈവിടാന്‍ പറ്റാത്തതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ താല്‍പ്പര്യമെടുത്ത് ഒരന്വേഷണത്തിന് ഉത്തരവിടാനുള്ള സാധ്യത വളരെ കുറവാണ്.

അതേസമയം ആരെങ്കിലും പ്രശ്‌നം വിജിലന്‍സ് കോടതിയില്‍ ഉന്നയിക്കുകയും എതിര്‍കക്ഷിയായി ബഹ്‌റക്കൊപ്പം സെന്‍കുമാറിന് കൂടി നോട്ടീസയക്കുകയും ചെയ്താല്‍ പണി പാളും.

ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഒരന്വേഷണത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോള്‍ നടക്കുന്ന പരിശോധന ബഹ്‌റക്ക് ‘ബുദ്ധിമുട്ടുണ്ടാക്കിയാല്‍’ തിരിച്ച് ഇപ്പോള്‍ വിജിലന്‍സ് പരിഗണനയിലുള്ള സെന്‍കുമാറിനെതിരായ ആറ് പരാതികളിലെ അന്വേഷണത്തില്‍ ‘കയറിപ്പിടിക്കാനാണ്’ നീക്കം.

വിവിധ കാലയളവുകളിലായി നടന്നതായി ഉന്നയിക്കപ്പെട്ട ആറ് പരാതികളിലാണ് നിലവില്‍ സെന്‍കുമാറിനെതിരെ അന്വേഷണം നടക്കുന്നത്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കേയാണ് പരാതികള്‍ ലഭിച്ചിരുന്നത്.

കെടിഡിസി മാനേജിംങ് ഡയറക്ടറായിരിക്കെ 2010-11 കാലഘട്ടത്തില്‍ ചട്ടങ്ങള്‍ മറികടന്ന് ലോണ്‍ നല്‍കിയത്, തിരുവനന്തപുരം ശ്രീകാര്യത്തെ ഒരു സ്ഥാപനത്തിനു നല്‍കിയ വായ്പയില്‍ തിരിച്ചടവ് മുടങ്ങിയത് ,രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരിക്കെ ആര്‍ബിഐ നല്‍കിയ പരാതിയില്‍ തുടരന്വേഷണം നടത്താതെ അവഗണിച്ചത്, കോളിളക്കം സൃഷ്ടിച്ച കണിച്ചുകുളങ്ങര കൊലപാതക കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്തി അവ ഇടപാടുകാര്‍ക്ക് നല്‍കുന്നതില്‍ വരുത്തിയ വീഴ്ച തുടങ്ങി ആറ് പരാതികളിലാണ് അന്വേഷണം നടക്കുന്നത്.

കണിച്ചുകുളങ്ങര സംഭവത്തില്‍ അന്നത്തെ സോണല്‍ ഐ ജിയായിരുന്ന സെന്‍കുമാര്‍ കേസ് സമര്‍ത്ഥമായി അന്വേഷിച്ചെങ്കിലും സ്വത്ത് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സില്‍ നേതാവായ ഹക്കീം 2016ലാണ് പരാതി നല്‍കിയിരുന്നത്.

കെ എസ് ആര്‍ ടി സി എംഡി ആയിരിക്കെ തമ്പാനൂര്‍ ബസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് രണ്ടു വര്‍ഷം കൂടുതലായി നീട്ടിനല്‍കിയത് ചൂണ്ടിക്കാട്ടി പായിച്ചിറ നവാസ് നല്‍കിയ പരാതിയിലും കെ എസ് ആര്‍ ടി സിയിലെ തന്നെ നവീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടന നല്‍കിയ മറ്റൊരു പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിനുപുറമെ വയനാട്ടിലെ റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട് സെന്‍കുമാറിന്റെ ഇടപെടലും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.

ബെഹ്‌റ-സെന്‍കുമാര്‍ പോര് മൂത്താല്‍ ഈ അന്വേഷണങ്ങളിലെ വിജിലന്‍സിന്റെ ‘സ്വഭാവവും’ മാറും

സംസ്ഥാന പൊലീസിലെ സീനിയറായ രണ്ട് ഓഫീസര്‍മാര്‍ തമ്മില്‍ നടക്കുന്ന ശീതസമരം പൊട്ടിത്തെറിയില്‍ കലാശിച്ചാല്‍ അത് സര്‍ക്കാരിനേയും പ്രതിസന്ധിയിലാക്കും.

Top