പണിമുടക്കിയവര്‍ക്ക് ശമ്പളത്തോടെ അവധി; ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കിയത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണ്‍ ആയി പ്രഖ്യാപിക്കാത്തതിനാല്‍ അവധി അനുവദിച്ചതില്‍ തെറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2019 ജനുവരി 8, 9 തീയതികളില്‍ നടന്ന ദേശിയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയോടെ ശമ്പളം അനുവദിക്കാനുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ജനുവരി 31 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

രണ്ട് മാസത്തിനകം ശമ്പളം തിരിച്ച് പിടിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിന് എതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറിയും, പൊതുഭരണ, ധനകാര്യ സെക്രട്ടറിമാരും ആണ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

 

 

Top