padna-endoor train crash; suresh prabu statement

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പാട്‌ന-ഇന്‍ഡോര്‍ തീവണ്ടി പാളംതെറ്റിയ സംഭവത്തില്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

അപകടത്തിന് ഉത്തരാവദികളെന്ന് കണ്ടെത്തുന്നവരെ വെറുതെ വിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മൊബൈല്‍ മെഡിക്കല്‍ ടീം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി റെയില്‍വെമന്ത്രിയെ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ദേശീയ ദുരന്ത നിവാരണസേന സംഭവ സ്ഥലത്തേക്ക് തിരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വിദഗ്ദ്ധ ഡോക്ടര്‍മാരും റെയില്‍വെയുടെ ഉന്നത ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് റെയില്‍വെ വക്താവ് വിജയ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൂര്‍ണമായും തകര്‍ന്ന എസ് 2 കോച്ചില്‍ സഞ്ചരിച്ചവരാണ് മരിച്ചവര്‍ ഏറെയും. അപകടത്തില്‍ പരിക്കേല്‍ക്കാത്ത യാത്രക്കാര്‍ക്ക് യാത്രാസൗകര്യം ഒരുക്കാന്‍ ബസ്സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top