ഇസ്ലാം വിരുദ്ധമെന്ന് ആരോപണം ; പത്മാവദിന് മലേഷ്യയില്‍ വിലക്കേര്‍പ്പെടുത്തി

pathmavath-film

ന്യൂഡല്‍ഹി: വിവാദമായി മാറിയ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവദിന് മലേഷ്യയില്‍ വിലക്ക്. ഇസ്ലാം വിരുദ്ധമെന്ന് ആരോപിച്ചാണ് മലേഷ്യയിലെ നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡ് (എല്‍.പി.എഫ്.) ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്.

മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ പത്മാവദിന്റെ കഥ ആശങ്കയുണ്ടാക്കുന്നതാണെന്ന് എല്‍.പി.എഫ്. ചെയര്‍മാന്‍ മുഹമ്മദ് സാംബെരി അബ്ദുള്‍ അസീസ് പറഞ്ഞു. ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ അപ്പീല്‍ നല്‍കാനിരിക്കുകയാണെന്നാണ് മലേഷ്യയിലെ വിതരണക്കാര്‍ പറയുന്നത്.

എന്നാല്‍ ഇന്ത്യയില്‍ പത്മാവദ് ആദ്യ ആഴ്ച നേടിയത് മികച്ച കളക്ഷനാണ്. രാജ്യത്തെ 4000 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ 100 കോടി നേടി കഴിഞ്ഞു. ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ചിത്രത്തിന് വിലക്കുണ്ട്. വിദേശത്തും ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്. അമേരിക്കയില്‍ ആദ്യ മൂന്നുദിവസങ്ങള്‍കൊണ്ട് 22 കോടി രൂപ നേടി.

ചിത്രത്തില്‍ പത്മാവദിയായി ദീപിക പദുക്കോണാണ് വേഷമിടുന്നത്. ഡല്‍ഹി സുല്‍ത്താനായ അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിങ്ങും മേവാഡിലെ രാജാവായി ഷാഹിദ് കപൂറും വേഷമിടുന്നു. രജപുത്രറാണിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് ചില സംഘടനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Top