മായാത്ത ഓര്‍മ്മകളില്‍ പത്മരാജന്‍: അഭ്രപാളികളിലെ ഗന്ധര്‍വ്വസാന്നിധ്യം

വര്‍ഷങ്ങള്‍ക്കിപ്പുറവും കാലാധീതനായി മലയാളി മനസ്സില്‍ മായാതെ നിലല്‍ക്കുകയാണ് പത്മരാജന്‍.മലയാളികളുടെ സ്വന്തം പപ്പേട്ടന്‍. കഥാതന്തു എന്തായാലും പുതുമ നഷ്ട്ടപ്പെടാതെ ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് പത്മരാജന്‍ എന്ന അതുല്യ പ്രതിഭയെ വേറിട്ട് നിര്‍ത്തുന്നത്.

മലയാളസിനിയുടെ ഭാവുകത്വത്തെ സ്മരിക്കുമ്പോള്‍ ഒരു കാലഘട്ടത്തെ തന്നെ സ്വന്തം പേരില്‍ കുറിച്ചിടാന്‍ പത്മരാജനോളം പോന്ന ആരും ഉണ്ടായിട്ടില്ല. പ്രണയത്തിന്റെ തീവ്രതയും വൈകാരികതയും മലയാളി അറിഞ്ഞത് പത്മരാജനിലൂടെയാണ്.മഴയും പ്രണയവും ഇഴപിരിയാതെ നിന്ന തൂവാന തുമ്പികള്‍, സ്വവര്‍ഗാനുരാഗത്തെ അസ്ലീലതകളില്ലാതെ ചിത്രീകരിച്ച ദേശാടനക്കിളികള്‍ കരയാറില്ല, വികാരാതീതമായ പ്രണയത്തിന്റെ മുന്തിരിത്തോപ്പ് സമ്മാനിച്ച നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തുടങ്ങിയ സിനിമകള്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നത് തിരക്കഥയുടെ ശക്തിയും ആഴവും കൊണ്ട് തന്നെയാണ്.

ആഖ്യാന രീതിയിലും കഥ പറച്ചിലിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭയ്ക്ക് പകരക്കാരന്‍ ഇന്നുവരെ ഉണ്ടായിട്ടില്ല എന്നു പറയേണ്ടിവരും. പത്മരാജന്‍ നടന്ന പാതയില്‍ നടക്കാന്‍ ആരും ഇതുവരെ ചങ്കൂറ്റം കാണിച്ചിട്ടില്ല എന്നതാണ് സത്യം.
ജയക്യഷ്ണനും, ക്ലാരയും, സോഫിയും, സലോമിയും, കള്ളന്‍ പവിത്രനും, ഭാസിയും വാണിയന്‍ കുഞ്ചുവുമെല്ലാം മരണമില്ലാതെ നില്‍ക്കുന്നത് ഊടും പാവും നെയ്ത ഒരു കലാകാരന്റെ ആത്മസപ്പര്‍പ്പണമായതിനാലാണ്.

കരുത്താര്‍ന്ന രചനകളിലൂടെ ന്യൂജനറേഷന്‍ സ്റ്റെല്‍ കൊണ്ടുവന്ന് പത്മരാജന് തന്റെ സിനിമകളില്‍ മികച്ച പാട്ടുകളും ഒരുക്കണമെന്ന് നിര്‍ബ്ബന്ധം ഉണ്ടായിരുന്നു. ഋതുഭേദങ്ങള്‍ കൊണ്ട് ജനമനസ്സില്‍ അദ്ദേഹം ഒരുക്കിയ ഓരോ വരികള്‍ ഇന്നും മനസ്സില്‍ പുതുമയോടെ നില്‍ക്കുകയാണ്.

ഞാന്‍ ഗന്ധര്‍വന്‍, കള്ളന്‍ പവിത്രന്‍, ഒരിെൈടത്താരു ഫയില്‍വാന്‍, തകര, രതിനിര്‍വേദം,ഒഴിവുകാലം,നൊമ്പരത്തി പൂവ്,,അപരന്‍,മൂന്നാംപക്കം,പെരുവഴിയമ്പലം തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ പ്രതിഭയുടെ കഴിവ് വേണ്ടുവോളം മലയാള സിനിമയ്ക്ക കാട്ടിതന്ന ചിത്രങ്ങളായിരുന്നു.

മലയാള സിനിമയില്‍ അന്നോളം നിലനിന്നിരുന്ന അതിനാടകീയ സന്ദര്‍ഭങ്ങളെ ബോധപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു പത്മരാജന്‍. ഗൃഹാതുരതയും, പ്രണയവും, വിരഹവും, രതിയുമെല്ലാം സിനിമളില്‍ നിറച്ചാര്‍ത്തോടെ കോറിയിട്ട ആ അതുല്യ പ്രതിഭയെ ദേശീയ, സംസ്ഥാന തലത്തില്‍ ഉള്‍പ്പെടെയുള്ള ആദരങ്ങള്‍ തേടിയെത്തി.

പത്മരാജന്‍ സിനിനകള്‍ പിറന്ന സമയം മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.വിപ്ലവാത്മകമായ പ്രമേയങ്ങള്‍, പലരും ഇന്ന് തുറന്ന് പറയാനും എഴുതാനും മടിക്കുന്ന കാര്യങ്ങള്‍ വര്‍ഷങ്ങള്‍ക്കപ്പുറം തനത് ശൈലിയില്‍ പത്മരാജന്‍ പറഞ്ഞപ്പോള്‍ ഇരും കൈയ്യും നീട്ടി നമ്മള്‍ അത് ഏറ്റുവാങ്ങുകയായിരുന്നു.കൂട്ടായി ഭരതനും എത്തിയപ്പോള്‍ സിനിമകളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.

ബോക്‌സ് ഓഫീസ് ഹിറ്റ് സ്വന്തമാക്കാന്‍ സിനിമയില്‍ മസാല ചേര്‍ത്ത് നെട്ടോട്ടമോടുന്ന തിരക്കഥാകൃത്തുക്കളും, സംവിധായകരും കണ്ടുപടിക്കണം നേരായ രീതിയില്‍ കഥപറയുകയും അവതരിപ്പിക്കുകയും ചെയ്ത ആ കൂട്ടുകെട്ടിന്റെ വിജയഗാഥ. ബോക്‌സ് ഓഫീസ് ഹിറ്റിനപ്പുറം മനസ്സില്‍ തങ്ങി നിലല്‍ക്കുന്ന മനുഷ്യമനസ്സിനെ അത്രമേല്‍ ആഴത്തില്‍ സ്വാധീനിക്കുന്ന കലാസൃഷ്ടിയെ അവതരിപ്പിക്കാന്‍ അങ്ങനെ എല്ലാര്‍ക്കും കഴിയണമെന്നില്ല. ആ തലത്തിലാണ് പത്മരാജവന്‍ വേറിട്ട് നില്‍ക്കുന്നത്.

മരണത്തിനപ്പുറം ഗന്ധര്‍വ്വ സാന്നിധ്യമായി അഭ്രപാളിയില്‍ ഇന്നും നിറഞ്ഞുനില്‍ക്കുയാണ് ആ സാന്നിധ്യം.

Top